സ്വയംഭരണ കോളജുകളില്‍നിന്ന് ഫീസ് ഈടാക്കുന്നത് താത്കാലികമായി തടഞ്ഞു
Thursday, September 12, 2024 4:18 AM IST
കൊച്ചി: സര്‍വകലാശാല അഫിലിയേഷന്റെ പേരില്‍ സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍നിന്ന് ഫീസ് ഈടാക്കുന്നതും യുജിസി നിബന്ധനകള്‍ക്കു വിരുദ്ധമെന്ന് ആരോപിക്കുന്ന കരാറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നതും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
യുജിസി റെഗുലേഷന് പ്രകാരം അനുവദിച്ചിട്ടുള്ള സ്വയംഭരണാവകാശം വിനിയോഗിക്കാനാകാത്ത വിധം കോളജുകള്‍ക്കുമേല്‍ കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ അനാവശ്യ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതായി ചൂണ്ടിക്കാട്ടി കണ്‍സോര്‍ഷ്യം ഓഫ് ഓട്ടോണമസ് കോളജസ് ഓഫ് കേരള നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്.
അഫിലിയേഷന് ഫീസിനത്തില്‍ വമ്പന്‍ തുക ഒറ്റത്തവണ അടവെന്ന നിലയില്‍ എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ അഫിലിയേറ്റഡ് ഓട്ടോണമസ് കോളജുകള്‍ക്കുമേല്‍ ചുമത്തിയതായി ഹർജിയില്‍ പറയുന്നു.
ഇത്തരമൊരു ഫീസ് ഈടാക്കുന്നത് യുജിസി ഉത്തരവിലൂടെ തടഞ്ഞിട്ടുള്ളതാണ്. യുജിസി നിബന്ധനകള്‍ക്കു വിരുദ്ധമായി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാധികാരം അടിയറ വയ്ക്കുന്ന തരം കരാറുകളില്‍ ഏര്‍പ്പെടാന്‍ എംജി, കേരള സര്‍വകലാശാലകള്‍ സമ്മര്‍ദം ചെലുത്തുന്നു.
കോളജുകള്‍ സ്വന്തം സിലബസും കരിക്കുലവും തയാറാക്കുന്നതില്‍ എംജി സര്‍വകലാശാല ഇടപെടുകയും മാറ്റിമറിക്കുകയും ചെയ്തിരിക്കുകയാണ്.
സ്വയംഭരണാധികാരമുള്ള കോളജിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ചാല്‍ സര്‍വകലാശാലയുടെ അംഗീകാരം ഇതിനാവശ്യമില്ലെന്നിരിക്കെയാണ് ഈ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ കരാറിനു നിര്‍ബന്ധം ചെലുത്തുകയും ഒറ്റത്തവണ ഫീസ് ഈടാക്കുകയും ചെയ്യുന്ന ഉത്തരവുകള്‍ റദ്ദാക്കണമെന്നതടക്കം ആവശ്യമുന്നയിച്ചാണു ഹര്‍ജി. ഹര്‍ജി 25ന് പരിഗണിക്കാന്‍ മാറ്റി.