കുസാറ്റിൽ പ്രഥമ ഫാക്ട് ചെയർ പ്രഫസർഷിപ് സ്ഥാപിച്ചു
Thursday, September 12, 2024 3:17 AM IST
കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ സ്കൂൾ ഓഫ് എൻജിനിയറിംഗിൽ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രഥമ ഫാക്ട് ചെയർ പ്രഫസർഷിപ് സ്ഥാപിച്ചു.
കെമിക്കൽ എൻജിനിയറിംഗ് രംഗത്ത് അക്കാദമിക് വ്യവസായ മേഖലയിൽ തന്റെ സംഭാവനകൾകൊണ്ടു ശ്രദ്ധേയനായ ഡോ. ജി. മധുവാണ് ഫാക്ട് ചെയർ പ്രഫസർസ്ഥാനം അലങ്കരിക്കുന്നത്.
ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എൻജിനിയറിംഗ് എന്നീ മേഖലകളിലാണു ചെയർ ഊന്നൽ നൽകുന്നത്. കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ചെയർ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാർ ഡോ. എ.യു. അരുൺ, പ്രിൻസിപ്പൽ ശോഭ സൈറസ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് പ്രഫസർ ഡോ. ദീപക് കുമാർ സാഹൂ, ഐക്യു എസി ഡയറക്ടർ ഡോ. സാം തോമസ്, ഫാക്ട് മാർക്കറ്റിംഗ് മാനേജർ അനുപം മിശ്ര, ഫാക്ട് ടെക്നിക്കൽ ഡയറക്ടർ ഡോ. ജയചന്ദ്രൻ, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് മേധാവി ഡോ. വി.ആർ. രഞ്ജിത്ത്, സൂസൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.