വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ മറുപടി നല്‍കണം: വിവരാവകാശ കമ്മീഷണര്‍
Thursday, September 12, 2024 3:06 AM IST
കൊച്ചി: മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ത്തന്നെ മറുപടി നല്‍കണമെന്നു വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ. ഹക്കിം.
കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സുപ്രധാന നിയമമാണു വിവരാവകാശ നിയമം.
നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പൗരനു ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നത്. വിവരാവകാശ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും ആര്‍ടിഐ ക്ലബ്ബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
വിവരാവകാശ അപേക്ഷ ലഭ്യമാക്കി 30 ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്കുന്ന പ്രവണതയാണു കാണുന്നത്. എന്നാല്‍ അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ത്തന്നെ നടപടികള്‍ ആരംഭിക്കണം.
വിവരാവകാശ നിയമം പല മാധ്യമപ്രവര്‍ത്തകരുടെയും പ്രധാന വാര്‍ത്താ ഉറവിടമാകുന്നതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണു ലഭിക്കുന്നത്. നിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ചും ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.