വൈദ്യുതി നിരക്ക് വർധന: പൊതുതെളിവെടുപ്പ് അവസാനിച്ചു
Thursday, September 12, 2024 3:06 AM IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തണമെന്ന കെഎസ്ഇബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് അവസാനിച്ചു.
കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന മേഖലാ തല തെളിവെടുപ്പിനു ശേഷം ഇന്നലെ തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിലാണ് അവസാന തെളിവെടുപ്പ് നടന്നത്.
നിരക്ക് വർധന നടപ്പാക്കരുതെന്ന ആവശ്യമാണ് തെളിവെടുപ്പിൽ പങ്കെടുത്ത ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. നേരിട്ട് തെളിവെടുപ്പിൽ പങ്കെടുത്തവരുടെയും രേഖാമൂലം അഭിപ്രായങ്ങൾ നൽകിയവരുടെയും വാദഗതികൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയും കണക്കുകൾ വിലയിരുത്തിയുമാകും കമ്മീഷന്റെ അന്തിമ ഉത്തരവുണ്ടാവുക.
നിലവിലെ താരിഫിന്റെ കാലാവധി ജൂണ് 30 ന് അവസാനിച്ച സാഹചര്യത്തിലാണ് നിരക്ക് വർധനയ്ക്കായി കെഎസ്ഇബി അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് നിലവിലെ താരിഫ് പ്രാബല്യത്തിൽ വന്നത്.
കെഎസ്ഇബി ആവശ്യപ്പെടുന്ന തരത്തിലുള്ള വർധനയുണ്ടായില്ലെങ്കിലും ഈ വർഷം തന്നെ നിരക്ക് വർധനയുണ്ടാകും. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ സമ്മർചാർജ് ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ഗാർഹിക ഉപയോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി 30 പൈസ വരെ വർധന വരുത്തണം.വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്ത് 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കൂട്ടണമെന്നും കെഎസ്ഇബി കമ്മീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തേക്കുള്ള നിരക്ക് വർധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്.