ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രി; അവജ്ഞയോടെ തള്ളിക്കളയുന്നു
Wednesday, September 11, 2024 2:17 AM IST
വിഴിഞ്ഞം: എഡിജിപിയ്ക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ തൊടാതെ, ആർഎസ്എസ് ബന്ധമെന്ന ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ആർഎസ്എസ് ബന്ധമെന്ന് തങ്ങൾക്കെതിരേ ഉയർന്ന ആരോപണം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോവളം ഏരിയ കമ്മിറ്റി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ഒരു വർഗീയ ശക്തിയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേത്. അത് എല്ലാവർക്കും നല്ല പോലെ അറിയാവുന്ന കാര്യമാണ്. മനുഷ്യനെ മനുഷ്യനായികാണാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് തുടങ്ങിയ പ്രസംഗത്തിൽ മാധ്യമങ്ങൾക്കെതിരെയും പ്രതിപക്ഷത്തിനെതിരെയും ആഞ്ഞടിച്ചു. കേരളത്തിന്റെ വികസനത്തിൽ ഒരു തരത്തിലും പൊരുത്തപ്പെടാൻ വലതുപക്ഷത്തിന് കഴിയുന്നില്ല.
പ്രതിപക്ഷത്തിന്റെയും കോൺഗ്രസിലെ ചില നേതാക്കൻമാരുടെയും മുൻകാല ബിജെപി ബന്ധം ഉയർത്തിക്കാട്ടിയാണ് തനിക്കുനേരെയുള്ള ആരോപണത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചത്.