കാണാതായ വരനെ ഊട്ടിയില്‍നിന്ന് അന്വേഷണസംഘം നാട്ടിലെത്തിച്ചു
Wednesday, September 11, 2024 1:47 AM IST
മലപ്പുറം: വിവാഹത്തിനു നാലു ദിവസം മുമ്പ് കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി കുറുന്തല വീട്ടില്‍ വിഷ്ണുജിത്തിനെ (30) ഇന്നലെ ഊട്ടിയില്‍നിന്നു കണ്ടെത്തി. മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘവും തമിഴ്നാട് പോലീസും നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.
വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്നു പറഞ്ഞാണ് യുവാവ് വീട്ടില്‍നിന്നു പോയത്.സുഹൃത്ത് ശരത്തിന്റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ ശേഷമാണു വിഷ്ണുജിത്ത് പോയത്.
ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രി എട്ടിനു വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നു. തുടര്‍ന്ന് ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. ഉടന്‍ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ ഊട്ടിയിലെ കൂനൂരാണെന്നു കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ഉടന്‍ മലപ്പുറം പോലീസ് മേധാവി തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ വിഷ്ണുജിത്തിനെ പോലീസ് മലപ്പുറത്തെത്തിച്ചു. സ്വമേധയാ മാറിനിന്നതാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് എസ്പി എസ്. ശശിധരന് പറഞ്ഞു