ബോഗികൾ വേർപെട്ടു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Wednesday, September 11, 2024 1:47 AM IST
വടക്കാഞ്ചേരി (തൃശൂർ): ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ലോക്കോ പൈലറ്റിന്റെ അടിയന്തര ഇടപെടലിനെത്തുടർന്ന് വൻ അപകടം ഒഴിവായി.
മുള്ളൂർക്കര ആറ്റൂർ മനപ്പടിക്കു സമീപം ഇന്നലെ പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. പിന്നീട് ഡ്രൈവറും ലോക്കോ പൈലറ്റും ഗാർഡും ചേർന്ന് വേർപെട്ട ബോഗികൾ കൂട്ടിച്ചേർക്കുകയായിരുന്നു.
ട്രെയിൻ നിർത്തിയിട്ടതിനെത്തുടർന്ന് സമീപപ്രദേശങ്ങളിലെ ഗേറ്റുകളും അടച്ചിട്ടതിനാൽ വാഹനഗതാഗതവും ഏറെനേരം തടസപ്പെട്ടു. മറ്റു ട്രെയിനുകളും ഇതേത്തുടർന്ന് ഒന്നരമണിക്കൂറിലധികം സമയം സ്റ്റേഷനുകളിൽ പിടിച്ചിട്ടതോടെ ട്രെയിൻഗതാഗതവും താറുമാറായി.