ഓഹരിവ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ്; ഒരാഴ്ചയ്ക്കിടെ നഷ്ടമായത് 81.5 ലക്ഷം
Wednesday, September 11, 2024 1:47 AM IST
സി.എസ്. ദീപു
തൃശൂർ: ഓഹരിവ്യാപാരത്തിന്റെ മറവിൽ തൃശൂർ സ്വദേശികളിൽനിന്നു ലക്ഷങ്ങൾ തട്ടി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്നുകാട്ടി മൂന്നു പരാതികളാണു തൃശൂർ സൈബർ പോലീസിനു ലഭിച്ചത്. ഒരു യുവാവിൽനിന്നും മധ്യവയസ്കരായ രണ്ടു പേരിൽനിന്നുമായി 81.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
കോട്ടക് മഹീന്ദ്രയുടെ ചീഫ് ഇൻവെസ്റ്റിംഗ് ഓഫീസറെന്ന വ്യാജേന സമീപിച്ച് മുക്കാട്ടുകര സ്വദേശിയായ അറുപത്തേഴുകാരനിൽനിന്ന് 32,40,000 രൂപയാണു തട്ടിയെടുത്തത്. ‘കോട്ടക്നിയോ 66’ എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ ഓഹരിവ്യാപാരം നടത്തുകയാണെങ്കിൽ കൂടുതൽ ഐപിഒ ലഭിക്കുമെന്നും ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞമാസം 13 മുതൽ 22 വരെയുള്ള വിവിധ തീയതികളിൽ പ്രതികൾ പറഞ്ഞ നാല് അക്കൗണ്ടുകളിലേക്കാണ് ഇദ്ദേഹം പണം അയച്ചത്. ഇതിനുശേഷം പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.
കുറ്റുമുക്ക് സ്വദേശിയിൽനിന്നു ട്രേഡിംഗിന്റെ പേരിൽ 31,76,500 രൂപയാണ് ഒരു മാസത്തെ ഇടവേളയ്ക്കിടെ തട്ടിയെടുത്തത്. എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് ‘സ്റ്റോക്ക് ബൂസ്റ്റ് ഗ്രൂപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേനയാണു പണം തട്ടിയെടുത്തത്.
31,97,500 രൂപയാണു പ്രതികൾ കൈക്കലാക്കിയതെങ്കിലും ലാഭവിഹിതമെന്ന പേരിൽ 21,000 രൂപ തിരികെ നൽകി. ഇതിനുശേഷം പണമൊന്നും ലഭിച്ചില്ലെന്നുകാട്ടിയാണു സൈബർ പോലീസിൽ പരാതി.
ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് പുന്നയൂർക്കുളം സ്വദേശിയായ യുവാവിൽനിന്ന് 17,31,888 രൂപയും തട്ടിയെടുത്തു. ജൂലൈ ഏഴു മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പിലും ‘ഗാൽവെറ്റ്എസ്സിടി’ എന്ന സൈറ്റിലും ചേർത്തായിരുന്നു തട്ടിപ്പ്.
8,000 രൂപയോളം തിരികെനൽകിയെന്നും പരാതിയിൽ പറയുന്നു. അടുത്തിടെ മലയാളികളടക്കമുള്ള സൈബർ തട്ടിപ്പുസംഘത്തെ പോലീസ് പിടികൂടിയതിനുശേഷമാണു വീണ്ടും പണം നഷ്ടപ്പെട്ടെന്ന പരാതികളും ഉയരുന്നത്.
നേരത്തേ, മുംബൈയിൽനിന്നും ഡൽഹിയിൽനിന്നുമുള്ള പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ ഓഹരിവ്യാപാരത്തിന്റെ പേരിലുള്ള തട്ടിപ്പുകളാണു കൂടുതൽ അരങ്ങേറുന്നതെന്നും കരുതിയിരിക്കണമെന്നും സൈബർ പോലീസ് പറഞ്ഞു.