പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമമെന്ന് വി.ഡി. സതീശൻ
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ കൊന്നു കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുളള ശ്രമമാണു പോലീസ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കേസ് അട്ടിമറിച്ച് എസ്എഫ്ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണു സിപിഎമ്മും. മകനെ കൊന്നു കെട്ടിത്തൂക്കിയത് എസ്എഫ്ഐക്കാരാണെന്നു മാതാപിതാക്കൾ പറഞ്ഞിട്ടും വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തർക്കം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് എസ്എഫ്ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഹോസ്റ്റലിന്റെ നടുത്തളത്തിൽ നൂറ്റി മുപ്പതോളം വിദ്യാർഥികളുടെ സാന്നിധ്യത്തിൽ അതിക്രമം നടന്നിട്ടും ഹോസ്റ്റൽ വാർഡനും ഡീനും അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാകില്ല.
ക്രൂരമായ കുറ്റകൃത്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസിൽ പ്രതി ചേർക്കണം. കൊലപാതകം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സിപിഎം അനുകൂല സംഘടനയിൽ ഉൾപ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെപ്പറ്റിയും അന്വേഷിക്കണം. അന്വേഷണം നടത്തുന്പോൾ ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നവകേരള സദസിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടിയപ്പോൾ അതിനെ രക്ഷാപ്രവർത്തനമെന്നു ന്യായീകരിച്ച മുഖ്യമന്ത്രിയാണു ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിട്ടത്. ഇത്തരം അക്രമ സംഭവങ്ങളെ മുഖ്യമന്ത്രിയാണു പ്രോത്സാഹിപ്പിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.