പോലീസിനെ വട്ടം ചുറ്റിച്ച് അജ്ഞാത കാറും അക്രമിസംഘവും വിലസുന്നു
Thursday, November 30, 2023 2:01 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: ഓയൂരിൽ ആറു വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. ചില സൂചനകൾ ഉണ്ടെന്ന് ആവർത്തിക്കുമ്പോഴും പ്രതികളിലേക്ക് എത്താൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘത്തിലുള്ളവർ കൊല്ലം ജില്ലയിൽത്തന്നെ ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇവർ രാത്രി തങ്ങിയ വലിയ വീടിനെക്കുറിച്ചും വ്യക്തതയില്ല.
പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമല്ലെന്നും ഇവർക്ക് പുറത്തുനിന്നു സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പ്രഫഷണൽ സംഘമല്ലെന്നാണ് പോലീസ് ഉറപ്പിച്ച് പറയുന്നത്. സംഭവത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
കേസന്വേഷണത്തിന് പോലീസ് ആസ്ഥാനത്തുനിന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആർ. നിശാന്തിനിക്കാണ് മേൽനോട്ടചുമതല. കൊല്ലം റൂറലിലെ ഡിവൈഎസ്പിമാരും സിറ്റി പോലീസിലെ എസിപിമാരും സംഘത്തിലുണ്ട്. കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ചവരെയും സ്പെഷൽ യൂണിറ്റിലെ ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്ന് നാല് സംഘങ്ങളായി പിരിഞ്ഞ് നഗരത്തിലും പരിസരത്തുമുള്ള ചില കേന്ദ്രങ്ങളിൽ പരിശോധനകളും നടത്തി. മുമ്പ് സാമ്പത്തികതട്ടിപ്പിൽ ഉൾപ്പെട്ട സ്ത്രീകൾ അടക്കമുള്ളവരുടെ വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
കാറിനു പിന്നാലെ പോലീസ്
പ്രതികൾ സഞ്ചരിച്ച കെഎൽ 04 എഎഫ് 3239 എന്ന വ്യാജ നന്പർപ്ലേറ്റ് ഘടിപ്പിച്ച വെള്ള സ്വിഫ്റ്റ് കാർ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം തുടങ്ങി. ഈ നന്പർ നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചത് ആരെന്നറിയുന്നതിന് ജില്ലയിൽ നമ്പർ പ്ലേറ്റുകൾ തയാറാക്കി നൽകുന്ന കടകളിൽ പോലീസ് പരിശോധന നടത്തി.
വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചത് സംബന്ധിച്ച് ആർക്കെങ്കിലും വിവരമുണ്ടെങ്കിൽ കൈമാറണമെന്ന് അഭ്യർഥിച്ച് കൊട്ടാരക്കര റൂറൽ പോലീസ് അറിയിപ്പും പുറത്തിറക്കി.പ്രതികൾ സഞ്ചരിച്ചുവെന്നു കരുതുന്ന ഓട്ടോറിക്ഷ കണ്ടെത്തുന്നതിനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പാരിപ്പള്ളി കുളമടയിലെ കടയിൽ സംഘത്തിലെ രണ്ടു പേർ എത്തിയ ഓട്ടോറിക്ഷ ഓടിച്ചിരുന്നത് മുണ്ടും ഷർട്ടും ധരിച്ചയാളാണ്. വേളമാനൂർ വഴി കല്ലുവാതുക്കലിൽ ഓട്ടോ എത്തിയതായും പോലീസിനു സ്ഥിരീകരണമുണ്ട്. ഓട്ടോ ഈ സംഘത്തിന്റേതാണെന്നാണ് നിഗമനം.
അബിഗേൽ സാറയെ യുവതി കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടക്കുന്ന സമയം അവിടെ സംശയകരമായ സാഹചര്യത്തിൽ ഒരു ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു. ഈ ഓട്ടോയിൽ കയറിയായിരിക്കും യുവതി രക്ഷപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
രണ്ടു സ്ത്രീകളെന്ന് സംശയം
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് സംശയം. എന്നാൽ, ഇക്കാര്യം പോലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞി ട്ടില്ല. ഇന്നലെ സ്ത്രീകളുടെ 3ലധികം ചിത്രങ്ങൾ പോലീസ് കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ കുട്ടിക്കു സാധിച്ചില്ല. ഭയമാകുന്നു എന്നു പറഞ്ഞതിനാൽ കൂടുതൽ ചിത്രങ്ങൾ കാണിക്കുന്നത് ഒഴിവാക്കി. കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, അബിഗേലിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നതിന് മുമ്പ് സംഘം കാറിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയതെന്ന് സൂചനയുണ്ട്. കുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോകുമ്പോൾ മയക്കുമരുന്ന് നൽകിയോ എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലന്ന് പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
അഭ്യൂഹങ്ങൾ അനവധി
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഭ്യൂഹങ്ങൾ വ്യാപകമാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എല്ലായിടത്തും തെരച്ചിൽ നടക്കുന്നുണ്ട്.സംഘം കല്ലുവാതുക്കലിനടുത്ത് ചിറക്കരയിൽ വീട് വാടകയ്ക്ക് എടുക്കാൻ എത്തിയെന്ന പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നൂറോളം വീടുകളിൽ പരിശോധന നടത്തി. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് ആശ്രാമംമേഖലയിലെ നിരവധി വീടുകൾ പോലീസ് പരിശോധിച്ചു.
യുവതി കുട്ടിയുമായി ആശ്രാമത്ത് എത്തുന്നതിനു മുമ്പ് നീല നിറത്തിലുള്ള കാറിലാണ് വന്നതെന്നും പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ആശ്രാമം മൈതാനത്ത് പാർക്ക് ചെയ്തിരുന്ന നീല കാർ പോലീസ് പരിശോധിച്ചു. പിന്നീട് കാറുടമ എത്തിയപ്പോഴാണ് പോലീസിന് സംശയം തീർന്നത്.
മറ്റു കുട്ടികളെയും സംഘം ലക്ഷ്യമിട്ടു!
ഓയൂരിൽ ആറു വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റു കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടതായി സംശയം.
തിങ്കളാഴ്ച അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് 3.27ന് കാർ പള്ളിക്കൽ മൂതല ആയുർവേദ ആശുപത്രി ഭാഗത്ത് ദുരൂഹ സാഹചര്യത്തിൽ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അവിടെ റോഡിൽ സ്കൂൾ യൂണിഫോമിൽ ഒറ്റയ്ക്കു നിന്ന പെൺകുട്ടിക്കു സമീപം എത്തി കാർ വേഗം കുറച്ചു. പിന്നീട് അൽപ്പം മുന്നോട്ടു പോയി കാർ തിരികെ വരുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡിൽ ഈ സമയം ഏതാനും സ്ത്രീകൾ എത്തിയതോടെ കാർ വേഗത്തിൽ ഓടിച്ചുപോയി.
മുൻ സീറ്റിൽ മാസ്ക് ധരിച്ചിരുന്ന സ്ത്രീയാണ് കാർ വിട്ടു പോകാൻ നിർദേശിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പള്ളിക്കൽ പോലീസും അന്വേഷണം ആരംഭിച്ചു. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തന്നെയാണിതെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
അബിഗേലിന്റെ സമാനപ്രായത്തിലുള്ള പെൺകുട്ടിയാണ് ഇവിടെ റോഡിൽ നിന്നത്. ഇതാണ് കുട്ടികളെ ടാർജറ്റ് ചെയ്യുന്നവരാണോ സംഘം എന്ന സംശയം ജനിപ്പിക്കുന്നത്. സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.