ചാത്തന്നൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു
Thursday, November 30, 2023 1:15 AM IST
ചാത്തന്നൂർ(കൊല്ലം): നെടുമ്പന പുലിയിലയിൽ സംഘക്കട ജംഗ്ഷനിലെ ഒരു വീട്ടിൽനിന്നും കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയുടെ രേഖാചിത്രം കണ്ണനല്ലൂർ പോലീസ് പുറത്തുവിട്ടു. സ്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് എന്നാണ് വീട്ടുകാർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പോർക്കളം ക്ഷേത്രത്തിനു സമീപം ഹെൽത്ത് സെന്ററിനടുത്ത് ചിത്ര ബിജുവിന്റെ ചൈത്രം വീട്ടിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നത്.
വീടിന്റെ സിറ്റൗട്ടിലേക്ക് ഇവരുടെ മുത്ത മകൾ ഇറങ്ങി വരുമ്പോൾ കാർപോർച്ചിന് സമീപം ഒരു ഷാൾ കൊണ്ട് മുഖം മറച്ച് ഒരു സ്ത്രീ നിൽക്കുന്നതാണ് കണ്ടത്. ഈ സമയം ചിത്രയുടെ മൂന്ന് വയസുള്ള കുട്ടി വീടിന്റെ മുൻഭാഗത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപരിചിതയായ സ്ത്രീയെ കണ്ട മൂത്ത മകൾ, ആരാണ്, എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ സ്ത്രീ വേഗം ഗേറ്റ് കടന്ന് പുറത്തുപോവുകയും ഗേറ്റിന് പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന സ്കൂട്ടറിൽ കയറി കടന്നു കളയുകയുമായിരുന്നു. പള്ളിമൺ പുനവൂർ ഭാഗത്തേക്കാണ് അതിവേഗം ഓടിച്ചു പോയത്.
കറുത്ത പാന്റ്സും വെള്ള ഷർട്ടും ഷൂസുമായിരുന്നു പുരുഷന്റെ വേഷം. ഓറഞ്ചും പച്ചയും കലർന്ന ചൂരിദാറായിരുന്നു സ്ത്രീ ധരിച്ചിരുന്നത്. ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ അബിഗേലിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയതോടെയാണ് പുലിയിലയിലെ സംഭവം പോലീസ് ഗൗരവമായി കൈകാര്യം ചെയ്യാൻ തുടങ്ങിയത്.
വീട്ടിൽ കടന്നുകയറിയ സ്ത്രീയുടെ രേഖാ ചിത്രം തയാറാക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഈ സ്ത്രീയെക്കുറിച്ച് പ്രാഥമികവിവരങ്ങൾ ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു.
വാളകത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊല്ലം: ട്യൂഷനു പോയ ഏഴാം ക്ലാസുകാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കൊട്ടാരക്കര വാളകം ആർവിവിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആർച്ച നന്ദന എന്ന പെൺകുട്ടിയെയാണ് ഇന്നലെ വൈകുന്നേരം 4.30-ഓടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്.
വീടിന് സമീപം അന്പലത്തുവിളഭാഗത്തുവച്ചാണ് സംഭവം. തനിച്ച് നടന്നുപോയ കുട്ടിയെ അതുവഴി വന്ന ഒാമ്നി വാൻ അടുത്തു കൊണ്ടുവന്നു നിർത്തുകയും അതിലുണ്ടായിരുന്നവർ കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി കുട്ടി പോലീസിനോട് പറഞ്ഞു.
പിടിവലിയിൽ കുട്ടിയുടെ വസ്ത്രം കീറുകയും ചെയ്തു. ശ്രമം വിഫലമായതോടെ സംഘം വാഹനം വിട്ടുപോകുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തി പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല.