ഇഎസ്ജി റേറ്റിംഗിൽ മികവുപുലർത്തി ഇസാഫ് ബാങ്ക്
Friday, November 1, 2024 1:24 AM IST
കൊച്ചി/തൃശൂർ: പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഉയർന്ന ഇഎസ്ജി റേറ്റിംഗ് ലഭിച്ചു.
സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കെയർഎഡ്ജ് ആണ് ഇസാഫ് ബാങ്കിന് ഉയർന്ന റേറ്റിംഗായ 68.1 നൽകിയത്.
ഈ മേഖലയിൽ ദേശീയ ശരാശരി 51.8 ആണ്. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് 76.9 റേറ്റിംഗാണു ലഭിച്ചത്.
ഗുണമേന്മയുള്ള ബാങ്കിംഗ് ഉത്പന്നങ്ങൾക്കു പുറമേ സാമൂഹിക വികസനത്തിനും മനുഷ്യാവകാശങ്ങൾക്കുമുള്ള പിന്തുണ, ഡാറ്റ സംരക്ഷണം, സ്വകാര്യതാനയങ്ങൾ എന്നീ മേഖലകളിൽ ഇസാഫ് പ്രതിബദ്ധത പുലർത്തി.
സിഎസ്ആർ പ്രവർത്തനങ്ങൾക്കായി അറ്റാദായത്തിന്റെ അഞ്ചു ശതമാനം വിനിയോഗിക്കുന്ന ഇസാഫ് ബാങ്ക് മൊത്തം വായ്പയുടെ 92 ശതമാനവും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുൻഗണനാവിഭാഗങ്ങൾക്കാണ് അനുവദിച്ചിട്ടുള്ളത്.
ഇസാഫ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമാണ് ഉയർന്ന ഇഎസ്ജി റേറ്റിംഗെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
രാജ്യത്തെ ലിസ്റ്റഡ് കമ്പനികളിൽ 2024 ജൂലൈ മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന ഇഎസ്ജി റേറ്റിംഗാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കരസ്ഥമാക്കിയതെന്നു കെയർഎഡ്ജ് സിഇഒ രോഹിത് ഇനാംബർ പറഞ്ഞു.