ഉത്സവ സീസൺ താങ്ങായി; നേട്ടം കൊയ്ത് കുരുമുളക്
Sunday, October 27, 2024 10:45 PM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
ദീപാവലിക്കുള്ള അവസാനഘട്ട വാങ്ങലുകൾ കുരുമുളക് നേട്ടമാക്കി, ലക്ഷ്യം ഉത്തരേന്ത്യൻ സ്റ്റോക്കിന് ഉയർന്ന വില ഉറപ്പു വരുത്താൻ. രാജ്യാന്തര റബർ വിപണിയിൽ ചൈനയുടെ നിറഞ്ഞ സാന്നിധ്യത്തിനായി പുതുവർഷം വരെ കാത്തിരിക്കേണ്ടിവരും.
കർഷകരും ഇടനിലക്കാരും ഷീറ്റ് നീക്കം നിയന്ത്രിച്ചു; ടയർ ലോബി വില ഉയർത്തുമെന്ന പ്രതീക്ഷയിൽ. ഏലത്തിന് ശക്തമായ ആഭ്യന്തര ഡിമാൻഡ്. തമിഴ്നാട് ലോബി കൊപ്ര വിറ്റഴിക്കാൻ മത്സരിക്കുന്നു. സ്വർണത്തിനു പുതിയ റിക്കാർഡ്, രാജ്യാന്തര വിപണി 2854 ഡോളറിനെ ഉറ്റുനോക്കുന്നു.
കത്തിക്കയറി കുരുമുളക്
ദീപാവലിക്കുള്ള അവസാനഘട്ട കുരുമുളക് വാങ്ങൽ വില ഉയർത്തി. ഹൈറേഞ്ച് മുളക് വരവ് കുറഞ്ഞ അളവിലായിരുന്നു. നിരക്ക് ഉയർത്തി ചരക്ക് വാങ്ങാൻ ഉത്തരേന്ത്യക്കാരെ പ്രേരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു, കൊച്ചി വില ഉയർത്തി ഉത്തരേന്ത്യൻ സ്റ്റോക്ക് കൂടിയ വിലയ്ക്ക് അവിടെ വിറ്റഴിക്കുക. ആകെ 147 ടൺ ചരക്ക് വരവിൽ 107 ടൺ മാത്രമാണ് വില ഉയർത്തി വാങ്ങിയത്.
ഇടുക്കി, വയനാട് ചരക്കുവരവ് കുറവാണ്. പുതിയ സീസണിന് മൂന്നു മാസമെങ്കിലും കാത്തിരിക്കണം, കൈവശമുള്ള മുളക് വിറ്റുമാറാൻ ഉത്പാദകർ തയാറായില്ല. ആഗോള ഉത്പാദനം ചുരുങ്ങുമെന്ന വിലയിരുത്തലും അവരെ ചരക്ക് പിടിക്കാൻ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7900 ഡോളറാണ്. ഗാർബിൾഡ് കുരുമുളക് വില 500 രൂപ വർധിച്ച് 65,200 രൂപയായി.
പ്രതീക്ഷ 2026ൽ
ചൈനീസ് വ്യവസായികൾ രാജ്യാന്തര റബറിൽ പിടിമുറുക്കാൻ അൽപ്പം കൂടി കാത്തിരിക്കണം. ബിജിംഗ് വ്യവസായികൾ പഴയ പ്രതാപം പുതുവർഷത്തിൽ വീണ്ടെടുക്കാം. അഞ്ച് ശതമാനം പ്രതീക്ഷിച്ച ജിഡിപി വളർച്ച 4.8 ശതമാനത്തിൽ ഒതുങ്ങുമെന്ന ഐഎംഎഫ് വെളിപ്പെടുത്തൽ റബർ മാർക്കറ്റിൽ വിള്ളലുളവാക്കി.
ചൈനീസ് വ്യവസായികളിൽനിന്നു വൻ ഓർഡറുകൾ പ്രതീക്ഷിച്ചഘട്ടത്തിലാണ് വ്യാവസായിക മാന്ദ്യം വിട്ടുമാറിയില്ലെന്ന വിവരം പുറംലോകം അറിയുന്നത്. എന്നാൽ, അടുത്ത വർഷം സ്ഥിതിഗതികളിൽ അയവ് വരുമെന്ന് അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.
രാജ്യാന്തര റബർ മാർക്കറ്റിലെ വൻശക്തിയെന്ന നിലയ്ക്ക് ചൈനയിലെ ഓരോ സംഭവവികാസവും അതേവേഗതയിൽ ഏഷ്യൻ റബർ അവധിയിൽ പ്രതിഫലിക്കും. രാജ്യാന്തര മാർക്കറ്റിൽനിന്നു യുഎസ്-യൂറോപ്യൻ ബയർമാരും അൽപ്പം പിന്തിരിഞ്ഞു.
ഇറക്കുമതി രാജ്യങ്ങളെ പിടിച്ചുനിർത്താൻ തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ താഴ്ന്ന നിരക്കിലെ ക്വട്ടേഷൻ ഇറക്കിയെങ്കിലും വൻകിട ടയർ ഭീമൻമാർ മുഖം തിരിച്ചു. ബാങ്കോക്കിൽ 22,328 രൂപയിൽ നീങ്ങിയ മൂന്നാം ഗ്രേഡ് ഷീറ്റിന് 1739 രൂപ കുറഞ്ഞ് 20,589 രൂപയായി.
ഫണ്ടുകൾ റബർ അവധിയിൽ ലോംഗ് കവറിംഗിന് കാണിച്ച തിടുക്കം കണ്ട് ഊഹക്കച്ചവടക്കാർ വിൽപ്പനക്കാരാക്കി. ഒസാക്ക എക്സ്ചേഞ്ചിൽ നിരക്ക് മൂന്നു ശതമാനം ഇടിഞ്ഞു. സിംഗപ്പുർ, ചൈനീസ് മാർക്കറ്റിലും വില താഴ്ന്നു. വിപണി സാങ്കേതികമായി സെല്ലിംഗ് മൂഡിലേയ്ക്ക് തിരിഞ്ഞതിനാൽ താഴ്ന്ന തലങ്ങളിലേയ്ക്ക് തിരുത്തലിന് ശ്രമിക്കാം.
ജപ്പാനിൽ ജനുവരി അവധി ആറ് ശതമാനം ഇടിഞ്ഞ് 370 യെന്നായി. 372 യെന്നിൽ ക്ലോസിംഗ് നടന്ന ഫെബ്രുവരിക്ക് 355-336 യെന്നിൽ സപ്പോർട്ട് ലഭിക്കാം. യെന്നിന്റെ വിനിമയ മൂല്യം ഡോളറിന് മുന്നിൽ ദുർബലമാകാനുള്ള സാധ്യതകൾ റബറിലെ തളർച്ചയെ പിടിച്ചു നിർത്താൻ ഉപകരിക്കും. 152.22ൽ നിലകൊള്ളുന്ന യെന്നിന്റെ മൂല്യം 153-155.72 റേഞ്ചിലേക്ക് ദുർബലമാകാൻ സാധ്യത. കരുത്ത് നേടിയാൽ 151.44ൽ പിടിച്ചു നിൽക്കാം. വ്യാഴാഴ്ച പലിശ നിരക്ക് സംബന്ധിച്ച് ടോക്കിയോ പുതിയ പ്രഖ്യാപനങ്ങൾ നടത്താം.
ഉത്പാദനം ഉയർത്താൻ മലേഷ്യ
റബർ ഉത്പാദനം ഉയർത്താനുള്ള നീക്കത്തിലാണ് മലേഷ്യ. 4,20,000 ഹെക്ടർ ഭൂമിയിൽ കൃഷി പുനഃസ്ഥാപിച്ച് പ്രതിവർഷം 5,85,000 ടൺ റബർ ഉത്പാദിപ്പിക്കാനുള്ള പദ്ധതി അവർ ആസൂത്രണം ചെയ്തു. ഇറക്കുമതി പൂർണമായി തടയുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യത്തിന് 2023ൽ മലേഷ്യ ഒരു ദശലക്ഷം ടൺ റബർ ഇറക്കുമതി നടത്തിയതായി മലേഷ്യൻ പ്ലാന്റേഷൻ ആൻഡ് കമ്മോഡിറ്റീസ് മന്ത്രാലയം.
സംസ്ഥാനത്ത് റബറിന് വില്പനക്കാർ കുറവെങ്കിലും ഇറക്കുമതി ചരക്ക് ഉയർത്തി ടയർ കന്പനികൾ ആഭ്യന്തര മാർക്കറ്റിൽനിന്നും അകന്നുകളിച്ചു. 19,000 രൂപയിൽ വില്പന തുടങ്ങിയ നാലാം ഗ്രേഡ് 18,000ത്തിലേയ്ക്ക് താഴ്ന്നു. മഴ മൂലം പല ഭാഗങ്ങളിലും ടാപ്പിംഗ് സ്തംഭിച്ചു, റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ വെട്ട് ചെറിയ അളവിൽ മുന്നേറി. ഒട്ടുപാൽ 12,400 രൂപയിലും ലാറ്റ്ക്സ് 11,500 രൂപയിലുമാണ്.
ഏലക്ക ലേലത്തിൽ പുതിയതും പഴയതുമായ ചരക്കുവരവ് ഉയർന്നു. ഉത്സവ വേളയായതിനാൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വാങ്ങലുകാരുണ്ട്. വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കർഷകർ.
ദീപാവലിക്കായി തമിഴ്നാട്, കർണാടക, ആന്ധ്ര, ഡൽഹി, മുംബൈ, കോൽക്കത്ത ഭാഗങ്ങളിൽ ഏലത്തിന് ഡിമാൻഡുണ്ട്. വാരാന്ത്യം വലിപ്പം കൂടിയ ഇനം ഏലക്ക കിലോ 2692 രൂപയിലും ശരാശരി ഇനങ്ങൾ 2268 രൂപയിലുമാണ്.
വെളിച്ചെണ്ണയ്ക്ക് തിരിച്ചടി
ദീപാവലി ഡിമാൻഡിൽ ഭക്ഷ്യയെണ്ണ വിപണി ചൂടുപിടിച്ചെങ്കിലും വെളിച്ചെണ്ണയ്ക്ക് തിരിച്ചടി. തമിഴ്നാട്ടിലെ വൻകിട തോട്ടങ്ങൾ കൊപ്ര സ്റ്റോക്ക് വിറ്റുമാറാൻ മത്സരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പാചക എണ്ണ വില്പന ദീപാവലി വേളയിലാണ്.
അൽപ്പം കരുതലോടെ കൊപ്ര ഇറക്കാൻ സ്റ്റോക്കിസ്റ്റുകൾ ശ്രമിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. കാങ്കയത്ത് കൊപ്ര 12,950 രൂപയിൽനിന്ന് 12,300ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ മാസാരംഭം മുതൽ 19,400 രൂപയിൽ നീങ്ങിയ വെളിച്ചെണ്ണയ്ക്ക് 100 രൂപ കുറഞ്ഞു. കൊപ്രയ്ക്ക് 200 രൂപ താഴ്ന്ന് 12,600 രൂപയായി.
ആഭരണ വിപണികളിൽ പവൻ 58,240 രൂപയിൽനിന്നും 58,720ലേയ്ക്ക് കയറിയതിനിടയിൽ നിക്ഷേപകർ രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് നടത്തിയത് കേരളത്തിൽ പവൻ 58,280 ലേയ്ക്ക് സാങ്കേതിക തിരുത്തലിന് ഇടയാക്കി.
എന്നാൽ വാരാന്ത്യം അന്താരാഷ്ട്ര മാർക്കറ്റ് വീണ്ടും ചൂടുപിടിച്ചു, ഇതോടെ പവൻ സർവകാല റിക്കാർഡായ 58,880 രൂപയായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2724 ഡോളറിൽനിന്നും 2749 വരെ ഉയർന്നു.