ടി.പി.ജി നന്പ്യാർക്കു വിട; സംരംഭകർക്കു പ്രചോദനമേകിയ വ്യവസായി
Friday, November 1, 2024 1:24 AM IST
ബംഗളൂരു: വടക്കേ മലബാറില്‍ ജനിച്ച് രാജ്യത്തെ വന്‍കിട വ്യവസായികളിലൊരാളായി മാറിയയാളാണ് ടി.പി.ജി. നന്പ്യാർ. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്നവർക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ സംരംഭങ്ങൾ.
കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്കു കടന്നതായിരുന്നു ബിപിഎല്ലിന്റെ വിജയത്തിനു കാരണമായത്. പിന്നീട് ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ രംഗത്തെ വമ്പന്മാരായി കമ്പനി.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡായിരുന്നു ബിപിഎല്‍.
പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു.
1990കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ടിവി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബിപിഎല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ പത്ത് മുന്‍നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.
ഭാരത് ഇലക്ട്രോണിക്സിന്റെ ഉപകരാര്‍ ലഭിച്ചതോടെ ഇന്ത്യന്‍ സൈന്യത്തിനായി ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ ബിപിഎല്‍ നിര്‍മിച്ചു. മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്തേക്കും ബിപിഎല്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇസിജി, മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ നിര്‍മിച്ചായിരുന്നു ആരോഗ്യരംഗത്തെ ബിപിഎല്ലിന്റെ ചുവടുവയ്പ്.
1982ലെ ഏഷ്യന്‍ ഗെയിംസിനു പിന്നാലെയാണ് ഒരു വെല്ലുവിളിയെന്നോണം ബിപിഎല്‍ ടെലിവിഷന്‍ നിര്‍മാണരംഗത്തേക്കു കടന്നത്. ടെലിവിഷനുകളും വിസിആറുകളും ഹിറ്റായതോടെ ബിപിഎല്‍ ഇലക്ട്രോണിക്സ് വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കി.
ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, എസി, മൈക്രോവേവ് ഓവന്, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങളും പേജറുകളും സെല്ലുലാര്‍ സര്‍വീസും ബിപിഎല്ലില്നിന്ന് വിപണിയിലെത്തി. 1994ലാണ് ബിപിഎല്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ആരംഭിച്ചത്.
1995ല്‍ ബിപിഎല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമായി. ടി.പി.ജിയുടെ മരുമകനായ രാജീവ് ചന്ദ്രശേഖറായിരുന്നു ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത്. 2005-ല്‍ രാജീവ് ചന്ദ്രശേഖര്‍ ബിപിഎല്‍ കമ്മ്യൂണിക്കേഷനിലെ തന്റെ 64% ഓഹരികളും എസ്സാര്‍ ഗ്രൂപ്പിന് വിറ്റു.
പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം പത്തു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന ബിപിഎല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ അത് 2500 മുതല്‍ 4300 കോടി വരെ എത്തിച്ചു. രാജ്യത്തെ 300 നഗരങ്ങളിലായി 3500ലേറെ ഡീലര്‍മാരുമായി ബിപിഎല്‍ പടര്‍ന്നുപന്തലിച്ചു.
ഇലക്ട്രോണിക്സ്, ഗൃഹോപകരണ രംഗത്ത് വന്‍കിട കമ്പനിയായി വളര്‍ന്നെങ്കിലും വിപണിയിലെ കിടമത്സരവും കുടുംബപ്രശ്നങ്ങളും ബിപിഎല്ലിനെ തളര്‍ത്തി. ഇലക്ട്രോണിക്സ് വിപണിയില്‍ കൊറിയന്‍ കമ്പനികള്‍ ആധിപത്യം ഉറപ്പിച്ചതോടെ ബിപിഎല്ലിന്റെ പ്രതാപം നഷ്ടമായി.ബിപിഎല്‍ മൊബൈലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും വലിയ വാര്‍ത്തയായിരുന്നു.
ടി.പി.ജി. നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബിപിഎല്ലിന്റെ സ്ഥാപകൻ എന്നനിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ സംരംഭങ്ങളെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.