ഇസ്രയേൽ-ഇറാൻ സംഘർഷം വിനയായി; നിക്ഷേപകർക്ക് നിരാശയുടെ ദീപാവലി
Sunday, October 27, 2024 10:45 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു
ദീപാവലിയുടെ വെടിക്കെട്ട് ഓഹരി സൂചികയിൽ പ്രതീക്ഷിച്ച നിക്ഷേപകരെ നിരാശരാക്കും ഇസ്രയേൽ-ഇറാൻ സഘർഷാവസ്ഥ. ഏഷ്യൻ മാർക്കറ്റുകൾ തുടക്കത്തിൽ ചുവപ്പണിഞ്ഞാൽ ഉച്ചയോടെ യൂറോപ്യൻ ഇൻഡക്സുകളും ചാഞ്ചാടാം.
അതേസമയം, അമേരിക്കയിൽ നാസ്ഡാക് സൂചിക വാരാന്ത്യം സർവകാല റിക്കാർഡിലേയ്ക്ക് പ്രവേശിച്ച ആവേശത്തിലാണ്. ഇന്ത്യൻ ഇൻഡക്സുകൾ രണ്ടര ശതമാനം ഇടിഞ്ഞു. സെൻസെക്സ് 1822 പോയിന്റും നിഫ്റ്റി 673 പോയിന്റും പ്രതിവാര നഷ്ടത്തിൽ. പതിനാല് മാസത്തിനിടെ ഏറ്റവും കനത്ത നഷ്ടം. 2023 ഓഗസ്റ്റിനു ശേഷം ആദ്യമായി തുടർച്ചയായി നാലാം വാരത്തിലും ഇടിവ്.
ഇസ്രയേൽ-ഇറാൻ നീക്കങ്ങൾ ഓഹരിയെയും നാണയ വിപണിയെയും പിടിച്ചുലയ്ക്കാം. പ്രതികൂല വാർത്തകൾക്കിടയിൽ സാന്പത്തിക ഞെരുക്കത്തിനുള്ള സാധ്യത കണക്കിലെടുത്താൽ ഇറക്കുമതികൾക്ക് നിയന്ത്രണം വരാം.
തകർന്നടിഞ്ഞ് രൂപ
രൂപ സർവകാല റിക്കാർഡ് തകർച്ചയായ 84.08ലാണ്. ഒരാഴ്ചയിലേറെയായി രൂപയെ പിടിച്ചുനിർത്താൻ ആർബിഐ ശ്രമിക്കുന്നുണ്ട്. ഒക്ടോബർ ആദ്യം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് രൂപ 84.19ലേയ്ക്കും 84.27ലേയ്ക്കും തകരാനുള്ള സാധ്യതകളെക്കുറിച്ച്. അതേ ടാർജറ്റിൽ തന്നെയാണ് ഫോറെക്സ് മാർക്കറ്റിൽ രൂപ ഇപ്പോഴും.
ചൈനീസ് കേന്ദ്ര ബാങ്ക് പലിശ ഇളവ് വരുത്തിയ അവസരത്തിൽ സൂചിപ്പിച്ചതാണ് ആർബിഐയും ഇതേ പാതയിൽ സഞ്ചരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന കാര്യം. ബുധനാഴ്ച ജപ്പാൻ കേന്ദ്ര ബാങ്ക് യോഗം നടക്കും. യെന്നിനെ ശക്തമാക്കാൻ അവർ നടത്തുന്ന നീക്കവും നാം കണ്ടില്ലെന്നു നടിച്ചാൽ ഇറക്കുമതിച്ചെലവ് ഉയരുന്നതിനൊപ്പം നാണയപ്പെരുപ്പത്തിനും സാധ്യത.
ഭീഷണിയായി പണപ്പെരുപ്പം
പണപ്പെരുപ്പം പുതിയ ഭീഷണിയാകും, പ്രത്യേകിച്ച് ഇസ്രയേൽ-ഇറാൻ സംഘർഷം ഓയിൽ ടാങ്കറുകളുടെ ദിശ തിരിക്കുമെന്നത് ക്രൂഡ് ഇറക്കുമതിച്ചെലവ് ഭാരിച്ചതാക്കും. ആഗോള എണ്ണക്കപ്പലുകളുടെ മൂന്നിൽ ഒന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ്. ക്രൂഡ് ഓയിൽ 72 ഡോളറിൽനിന്നും വാരാന്ത്യം ബാരലിന് 75.86 ഡോളറായി. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ നിരക്ക് 84 ഡോളർ വരെ മുന്നേറാം.
ഓഹരി വിപണിയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. മുൻവാരം സൂചിപ്പിച്ചതാണ് ഡെയ്ലി ചാർട്ടിൽ വിപണി സങ്കേതികമായി സെല്ലിംഗ് മൂഡിലെന്ന്. എന്നാൽ, വൻ തകർച്ചയുടെ സൂചനകൾ ഒന്നും അന്ന് ദൃശ്യമല്ലെന്നതും. ആഭ്യന്തര ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യം കഴിഞ്ഞ വാരവും ഉറപ്പ് വരുത്താനായെങ്കിലും ദീപാവലിക്ക് കളർഫുൾ പ്രകടനത്തിനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു.
കവറിംഗിന് മത്സരം
ഡെറിവേറ്റീവ് മാർക്കറ്റിൽ സെറ്റിൽമെന്റ് വേളയിൽ ഊഹക്കച്ചവടക്കാർ കവറിംഗിന് മത്സരിച്ചു.ഇതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 157.8 ലക്ഷം കരാറുകളിൽനിന്നു 158.6 ലക്ഷമായി ഉയർന്നു.
സൂചികയിലെ തകർച്ചയ്ക്കിടയിലെ ഈ വർധന വിരൽ ചൂണ്ടുന്നത് പുതിയ ഷോട്ട് പൊസിഷനുകളിലേയ്ക്കാണ്. നവംബർ നിഫ്റ്റി 24,355ലാണ്. ചലനങ്ങൾ വിലയിരുത്തിയാൽ 23,800ലേയ്ക്കും തുടർന്ന് 23,500ലേയ്ക്കും ഇടിയാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ഓപ്പറേറ്റർമാർ ഷോട്ട് പൊസിഷനുകളിൽ പിടിമുറുക്കാം.
നിഫ്റ്റി മുൻവാരത്തിലെ 24,854 പോയിന്റിൽനിന്ന് 24,935 വരെ കയറിയതിനിടയിൽ വിദേശ ഫണ്ടുകൾ വീണ്ടും വില്പനയിലേയ്ക്ക് നിറയൊഴിച്ചു. അതോടെ പടക്കം പൊട്ടും കണക്കെ സൂചിക ആദ്യ സപ്പോർട്ടും രണ്ടാം സപ്പോർട്ടായി സൂചിപ്പിച്ച 24,245 പോയിന്റും തകർത്ത് 24,075ലേയ്ക്ക് ഇടിഞ്ഞു. വൻ തകർച്ചയ്ക്കു ശേഷം അല്പം മെച്ചപ്പെട്ട് വാരാന്ത്യം 24,180 പോയിന്റിലാണ്.
സൂചിക 19 പ്രവൃത്തിദിനങ്ങളിൽ എട്ടു ശതമാനം തകർന്നു. ഈവാരം 23,858 ആദ്യ താങ്ങ് സെൽ പ്രഷറിൽ തകർന്നാൽ തിരുത്തൽ 23,536 വരെ തുടരാം. വിപണിയുടെ പ്രതിരോധം 24,718ലാണ്.
ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റും, പാരാബോളിക്കും, എംഎസിഡിയും ദുർബലാവസ്ഥയിലാണ്. മറ്റു പല ഇൻഡിക്കേറ്ററുകളും ഓവർ സോൾഡാണെങ്കിലും താഴ്ന്നതലത്തിൽ പുതിയ ബാധ്യതകൾക്ക് നിക്ഷേപകർ ധൈര്യം കാണിച്ചില്ല.
തകർന്ന് ഓഹരി വിപണികൾ
2020 മാർച്ചിൽ കോവിഡ് കാലയളവിലെ ലോക്ക് ഡൗണിന് ശേഷം ഇത്തരം ഒരു തകർച്ചയെ ഇന്ത്യൻ നിക്ഷേപകർ അഭിമുഖീകരിക്കുന്നത് ആദ്യം. നിഫ്റ്റി സെപ്റ്റംബറിൽ സർവകാല റിക്കാർഡായ 26,277.35 പോയിന്റിൽനിന്നും ഇതിനകം 2000 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി സ്മോൾ ക്യാപ്, മിഡ് ക്യാപ് ഇൻഡക്സുകൾ റിക്കാർഡ് തലത്തിൽനിന്നും പത്ത് ശതമാനം ഇടിഞ്ഞു.
ബോംബെ സൂചിക 81,224ൽനിന്നും 81,679 പോയിന്റുവരെ തുടക്കത്തിൽ കയറിയെങ്കിലും കൂടുതൽ മികവിന് അവസരം നൽകാത്തവിധം വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്ക് കാണിച്ച തിടുക്കം 79,144ലേയ്ക്ക് ഇടിച്ചു. വാരാന്ത്യം സെൻസെക്സ് 79,402ലാണ്. വിദേശ വില്പന തുടർന്നാൽ സൂചിക 78,471ലേയ്ക്കും തുടർന്ന് 77,540 പോയിന്റിലേക്കും തളരാം. ആഭ്യന്തര ഫണ്ടുകൾക്ക് ബയിംഗിന് ഉത്സാഹിച്ചാൽ 81,006ൽ ആദ്യ പ്രതിരോധം തല ഉയർത്തും.
വിറ്റഴിച്ച് വിദേശ ഫണ്ടുകൾ
വിദേശ ഫണ്ടുകൾ 22,912.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ഈ മാസത്തെ അവരുടെ വില്പന 1,14,130.97 കോടി രൂപയായി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,175 കോടി രൂപ നിക്ഷേപിച്ചു, ഒക്ടോബറിൽ അവർ ഇതിനകം 97,351 കോടി രൂപയുടെ നിക്ഷേപം നടത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം തിളങ്ങി. പശ്ചിമേഷ്യൻ സംഘർഷം ഫണ്ടുകളെ സ്വർണത്തിലേയ്ക്ക് അടുപ്പിക്കും. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2724 ഡോളറിൽനിന്നും 2749 വരെ കയറി.
യുദ്ധ രംഗത്തുനിന്നുള്ള വെടിയോച്ചകൾ ഫണ്ടുകളെ ഷോട്ട് കവറിംഗിന് പ്രേരിപ്പിച്ചാൽ നവംബറിൽ വില 2854 ഡോളറാകും. ഇതിനിടയിൽ യുഎസ് ഫെഡ് റിസർവ് പലിശയിൽ ഭേദഗതികൾ വരുത്തിയാൽ പുതുവർഷം സ്വർണം ട്രോയ് ഔൺസിന് 3000 ഡോളറിന് മുകളിൽ ഇടം പിടിക്കും.