ജിയോയ്ക്കും ഡിജിറ്റൽ പേമെന്റ് ആപ്പ്
Thursday, October 31, 2024 12:21 AM IST
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ധനകാര്യ കന്പനിയായ ജിയോ ഫിനാൻഷൽ സർവീസസിന് ഓണ്‍ലൈൻ പേമെന്റ് അഗ്രഗേറ്റർ ആയി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി.
ജിയോ ഫിനാൻഷലിന്റെ ഉപകന്പനിയായ ജിയോ പേയ്മെന്റ് സൊലൂഷൻസിനാണ് (ജെപിഎസ് എൽ) അംഗീകാരം ലഭിച്ചത്. ഒക്ടോബർ 28 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
ഫോണ്‍പേ, പേടിഎം, ഗൂഗിൾപേ, റാസോപേ തുടങ്ങിയ പേയ്മെന്റ് ആപ്പുകളെപ്പോലെ ജെപിഎസ് എൽ ആപ്പ് പണം കൈമാറ്റത്തിനും മറ്റും ഉപയോഗിക്കാനാകും.
പേയ്മെന്റ് അഗ്രഗേറ്റർ മേഖലയിലേക്കുള്ള ജിയോ ഫിനാൻഷൽ സർവീസസിന്റെ കടന്നു വരവ് ഈ രംഗത്ത് കൂടുതൽ പുതുമകളും പുതിയ ഉത്പന്നങ്ങളും കൊണ്ടുവരാൻ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.