വിദേശ വാണിജ്യ വായ്പ: മുത്തൂറ്റ് ഫിനാന്‍സ് 400 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
Monday, October 28, 2024 11:45 PM IST
കൊച്ചി: സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആഗോള മീഡിയം ടേം നോട്ട് പ്രോഗ്രാമിനു കീഴിലുള്ള സീനിയര്‍ സെക്വേര്‍ഡ് നോട്ടുകള്‍ വഴി 400 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഏകദേശം 3350 കോടി രൂപയ്ക്കു തുല്യമായ തുകയാണിത്.
റിസര്‍വ് ബാങ്കിന്റ വിദേശ വാണിജ്യ വായ്പകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ഈ സമാഹരണത്തില്‍ ലോകമെമ്പാടുമുള്ള 125 നിക്ഷേപകരാണു പങ്കെടുത്തത്.
6.375 ശതമാനമാണ് ഇതിന്റെ കൂപ്പണ്‍ നിരക്ക്. ഈ നോട്ടുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള എന്‍എസ്ഇ ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.
ആഗോള നിക്ഷേപകരുമായുള്ള തങ്ങളുടെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ സമാഹരണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.