വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്ക് സർക്കാരിലുള്ള വിശ്വാസം: മന്ത്രി
Thursday, October 31, 2024 12:20 AM IST
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് കേരള സ്റ്റേറ്റ് ഇൻസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച സെക്ടറൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുതിയ വ്യവസായ നയത്തിൽ കണ്ടെത്തിയിട്ടുള്ള 22 മുൻഗണനാ മേഖലകളുമായി ബന്ധപ്പെട്ട് റൗണ്ട് ടേബിൾ സമ്മേളനങ്ങൾ വ്യവസായ വകുപ്പ് സംഘടിപ്പിച്ചു വരികയാണ്.
ഓരോ മേഖലയിലെയും നിക്ഷേപകരുടെയും സംരംഭകരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമ്മേളനത്തിൽ ആരായും. ഇത് സർക്കാർ തലത്തിൽ എങ്ങനെ നടപ്പിലാക്കാമെന്നും ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരാനും സംസ്ഥാനത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ചർച്ചകളും സമ്മേളനത്തിൽ രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു.