102 ടണ്‍ സ്വർണം കൂടി തിരിച്ചെത്തിച്ചു
Thursday, October 31, 2024 12:20 AM IST
ന്യൂഡൽഹി: യുകെയിൽ നിന്ന് 102 ടണ്‍ സ്വർണം കൂടി ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി റിസർവ് ബാങ്ക്. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് ഇന്ത്യയിൽ ആഭ്യന്തരമായി സൂക്ഷിക്കാൻ തിരികെ കൊണ്ടുവന്നത്.
സെപ്റ്റംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് കേന്ദ്രബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വർണത്തിൽ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിക്കുന്നതാണ്. മാർച്ച് 31 വരെ 408.3 ടണ്‍ ആയിരുന്ന സ്ഥാനത്താണ് ഈ വർധന.
2022 സെപ്റ്റംബർ മുതൽ വിവിധ ഘട്ടങ്ങളിലായി 214 ടണ്‍ സ്വർണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്. ആഗോള രാഷ്ട്രീയ പിരിമുറുക്കം വർധിക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തരമായി സൂക്ഷിക്കേണ്ട സ്വർണത്തിന്റെ അളവ് വർധിപ്പിക്കാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തീരുമാനിക്കുകയായിരുന്നു.
1990കളുടെ തുടക്കത്തിൽ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ സർക്കാർ സ്വർണം പണയം വയ്ക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ സ്വർണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സർക്കാരും കേന്ദ്രബാങ്കും ഇപ്പോൾ സ്വീകരിച്ചുവരുന്നത്.
മുംബൈയിലും നാഗ്പുരിലുമുള്ള കേന്ദ്രങ്ങളിലാണ് റിസർവ് ബാങ്ക് സ്വർണം സൂക്ഷിക്കുന്നത്.2024 സാന്പത്തികവർഷത്തിൽ രാജ്യം യുകെയിൽനിന്ന് 100 ടണ്‍ സ്വർണമാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്. നിലവിൽ, 324 ടണ്‍ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെയും കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നു.
കഴിഞ്ഞ തവണത്തെപ്പോലെ, വിവരങ്ങൾ പുറത്തുപോകരുതെന്ന് കർശനമായ തീരുമാനത്തോടെയായിരുന്നു ഓപ്പറേഷൻ. പ്രത്യേക വിമാനങ്ങളിൽ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് സ്വർണം എത്തിച്ചത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഏകദേശം 5350 ടണ്‍ സ്വർണം ഒന്‍പത് ഭൂഗർഭ നിലവറകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്കിൽ പറയുന്നത്. ഇതിൽ യുകെയുടെ സ്വർണ നിക്ഷേപവും ലോകത്തെ മറ്റ് സെൻട്രൽ ബാങ്കുകളുടെ സ്വർണ നിക്ഷേപവും ഉൾപ്പെടും.
ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം സൂക്ഷിക്കുന്ന രണ്ടാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സ്വർണത്തിന്റെ ഒഴുക്ക് കൂടിയതോടെ 1697ലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വർണം നിക്ഷേപത്തിനുള്ള അറ നിർമിച്ചത്.