വിദേശത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യാം ; പുതിയ ഫീച്ചറുമായി സ്വിഗ്ഗി
Friday, October 25, 2024 10:39 PM IST
ന്യൂഡൽഹി: രാജ്യത്തെ പ്രധാന ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി ഇന്റർനാഷണൽ ലോഗിൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും.
യുഎസ്എ, കാനഡ, ജർമനി, യുകെ, ഓസ്ട്രേലിയ, യുഎഇ ഉൾപ്പെടെ 27 രാജ്യങ്ങളിലുള്ളവർക്ക് സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യാനും ഷോപ്പിംഗ് നടത്താനും ആപ്പ് ഉപയോഗിച്ച് ടേബിളുകൾ ബുക്ക് ചെയ്യാനും കഴിയും.
അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താം. ഇന്റർനാഷണൽ ലോഗിൻ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നവർക്ക് പ്രത്യേക അവസരങ്ങളിൽ തങ്ങളുടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഭക്ഷണ സാധനങ്ങളും സമ്മാനങ്ങളും എത്തിച്ച് അത്ഭുതപ്പെടുത്താനാകുമെന്നും.
സ്വിഗ്ഗി അവതരിപ്പിച്ച പുതിയ ഫീച്ചർ സ്ഥിരമായുള്ളതാണ്. രക്ഷാബന്ധൻ ആഘോഷവേളയിൽ സ്വിഗ്ഗിയുടെ എതിരാളികളായ സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്രിങ്കിറ്റ് ഇതേപോലൊരു ഫീച്ചർ താത്കാലികമായി നടപ്പിലാക്കിയിരുന്നു. ഈ ഫീച്ചർ യുഎസ്, ജർമനി ഉൾപ്പെടെ ആറു രാജ്യങ്ങളിലുള്ളവർക്കായിട്ടാണ് സൊമാറ്റോ നടപ്പിലാക്കിയത്.
ബ്ലിങ്കിറ്റിന്റെ ഇന്റർനാഷണൽ ഓർഡർ ഫീച്ചർ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ഓഗസ്റ്റ് 19ന് ശേഷം ബ്ലിങ്കിറ്റ് പ്രവർത്തനം അവസാനിപ്പിച്ചു.
2012ൽ സൊമാറ്റോ യുഎഇ, ശ്രീലങ്ക, ഖത്തർ, യുകെ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.എന്നാൽ ഈ വർഷം തുടക്കത്തിൽതന്നെ സൊമാറ്റോ പ്രധാന വിദേശ വിപണികളിൽനിന്നു പിന്മാറി.