വീണ്ടും റിക്കാര്‍ഡ്; പവന് 58,880
Sunday, October 27, 2024 2:26 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,360 രൂപയും പവന് 58,880 രൂപയുമായി. കഴിഞ്ഞ 23ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,340 രൂപ, പവന് 58,720 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിച്ചത്.
രണ്ടു ദിവസം മുമ്പ് സ്വര്‍ണവിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും കുതിപ്പ് തുടരുകയാണ്. നിലവിലെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ തന്നെ 64,000 രൂപയ്ക്ക് അടുത്തു നല്‍കണം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6, 060 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 82ലക്ഷം രൂപ കടന്നു.
പശ്ചിമേഷ്യൻ സംഘർഷവും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ടെന്നും വില ഇനിയും വർധിച്ചേക്കുമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.