ഫെഡറല്‍ ബാങ്കിന് 1,057 കോടി രൂപ അറ്റാദായം
Monday, October 28, 2024 11:45 PM IST
കൊച്ചി: ഈവര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തില്‍ 10.79 ശതമാനം വര്‍ധനവോടെ ഫെഡറല്‍ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.മുന്‍വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം.
ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തടുത്ത പാദങ്ങളിലായി 1,000 കോടി രൂപയിലധികം അറ്റാദായം നേടുക എന്ന നാഴികക്കല്ലും ഇതോടെ ഫെഡറല്‍ ബാങ്ക് കടന്നു.
വിവിധ മേഖലകളില്‍ കൈവരിച്ച മികച്ച വളര്‍ച്ച ബാങ്കിന്റെ രണ്ടാംപാദത്തെ മികവുറ്റതാക്കി. അടുത്തടുത്ത പാദങ്ങളില്‍ 1000 കോടി രൂപയ്ക്കു മുകളില്‍ അറ്റാദായം നേടാന്‍ കഴിഞ്ഞതില്‍ ഈ മികവ് പ്രതിഫലിക്കുന്നുണ്ടെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയന് പറഞ്ഞു.
പ്രവര്‍ത്തനലാഭത്തിലും ബാങ്കിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.
ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു. വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ആകെ വായ്പ മുന്‍വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയില്‍ വായ്പകള്‍ 17.24 ശതമാനം വര്‍ധിച്ച് 72,701.75 കോടി രൂപയായി.
കാര്‍ഷിക വായ്പകള്‍ 29.40 ശതമാനം വര്‍ധിച്ച് 32,487 കോടി രൂപയിലും വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 24.34 ശതമാനം വര്‍ധിച്ച് 24,493.35 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 10.48 ശതമാനം വര്‍ധിച്ച് 77,953.84 കോടി രൂപയിലുമെത്തി.
ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 19.26 ശതമാനം വര്‍ധിച്ച് 19,121.18 കോടി രൂപയായി. അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2,367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,056.42 കോടി രൂപയായിരുന്നു.