മ്യൂൾ അക്കൗണ്ട്: ജാഗ്രതാ നിർദേശം നൽകി
Thursday, October 31, 2024 12:21 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത പേമെന്റ് ഗേറ്റ്വേകൾ സൃഷ്ടിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരേ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ബാങ്കുകൾ നൽകുന്ന ബൾക്ക് പേഒൗട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെൽ കന്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്ന അന്തർദേശീയ സൈബർ കുറ്റവാളികളാണ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്തിടെ ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്വേകൾ സൃഷ്ടിച്ചതായി കണ്ടെത്തി.
വിവിധ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച വരുമാനം വെളുപ്പിക്കുന്നതിനായാണ് സൈബർ കുറ്റവാളികൾ ഇത്തരം അനധികൃത പേയ്മെന്റ് ഗേറ്റ് വേകൾ സൃഷ്ടിച്ചത്. ഇത്തരത്തിൽ തിരിച്ചറിഞ്ഞ പേയ്മെന്റ് ഗേറ്റ്വേകൾക്ക് PeacePay, RTX Pay, PoccoPay, RPPay എന്നിങ്ങനെയാണ് പേര്.
വിദേശ പൗരന്മാരാണ് ഇതിന് പിന്നിൽ. കള്ളപ്പണം വെളുപ്പിക്കൽ എന്ന തരത്തിലാണ് ഈ ഗേറ്റ്വേകൾ സേവനം നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഈ മ്യൂൾ അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. വ്യാജ നിക്ഷേപ തട്ടിപ്പ് സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, വ്യാജ സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ക്രിമിനൽ സിൻഡിക്കറ്റുകൾക്ക് നൽകുന്ന ഈ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു നിയമവിരുദ്ധ പേയ്മെന്റ് ഗേറ്റ്വേ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഉടൻതന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇവരുടെ രീതിയെന്നും കേന്ദ്രസർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ/കന്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്/ഉദ്യം ആധാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആർക്കും വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
ഇത്തരം ബാങ്ക് അക്കൗണ്ടുകളിൽ അനധികൃത പണം നിക്ഷേപിക്കുന്നത് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അനധികൃത പേയ്മെന്റ് ഗേറ്റ്വേകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം തിരിച്ചറിയാൻ ബാങ്കുകൾ ചെക്കുകൾ ഇറക്കിയേക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
രണ്ടു പേർ അറസ്റ്റിൽ
ചെന്നൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന സംഘത്തിനായി മ്യൂൾ അക്കൗണ്ട് പ്രവർത്തിപ്പിച്ചതിന്റെ പേരിൽ രണ്ടു പേരെ തമിഴ്നാട് സൈബർ ക്രൈം അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
രാജസ്ഥാനിൽനിന്നും ചണ്ഡിഗഡിൽനിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സംഘത്തിനായി ഒരു അക്കൗണ്ടിന് ഒരു ലക്ഷം രൂപ വീതം വാങ്ങി നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും സംഘത്തിന് സിം കാർഡുകൾ എത്തിച്ചുകൊടുത്തുവെന്നും പോലീസ് പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 23 ലക്ഷത്തോളം രൂപ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.