ഭാവി ശാസ്ത്രജ്ഞരെ ഒരുക്കാൻ ടാൽറോപ് ഇൻവെന്റർ പാർക്ക്
Sunday, October 27, 2024 2:26 AM IST
തിരുവനന്തപുരം: സ്കൂളുകളിൽനിന്നു ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി ടാൽറോപിന്റെ ഇൻവെന്റർ പാർക്ക് തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പ്രവർത്തനം തുടങ്ങി.
ശാസ്ത്ര പരീക്ഷണങ്ങൾക്കു സ്കൂളുകളിൽത്തന്നെ അത്യാധുനിക സൗകര്യമൊരുക്കിയാണ് പാർക്കുകൾ സജ്ജമാക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മീറ്റ് ദ സയന്റിസ്റ്റ് പ്രോഗ്രാമിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ, ഡിആർഡിഒ എയറോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറലും നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ടെസി തോമസ് (മിസൈൽ വുമൺ ) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഇൻവെന്റർ പാർക്കിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ ശാസ്ത്ര അഭിരുചി തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കാനും അവസരം ലഭിക്കുമെന്ന് ടാൽറോപ് കോ-ഫൗണ്ടറും സിഇഒയുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.
റോബോട്ടിക് ലാബ്, അസ്ട്രോണമി ലാബ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലാബ് തുടങ്ങിയ ആധുനികരീതിയിലുള്ള സജ്ജീകരണങ്ങളാണ് ഇൻവെന്റർ പാർക്കിൽ ഒരുക്കിയിട്ടുള്ളത്.