ടെലികോം സേവനദാതാക്കൾക്ക് ആശ്വാസം; ജനുവരി മുതൽ പുതിയ ടെലികോം റോ റൂൾ
ഡൽഹി: ടെലികമ്യൂണിക്കേഷൻ നിയമത്തിനു കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്.
ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. രാജ്യത്തെ ടെലികോം രംഗത്ത് പുതിയ മാനദണ്ഡങ്ങൾ അടുത്ത വർഷം ഒന്നുമുതൽ നിലവിൽ വരും.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ, ബിഎസ്എൻഎൽ എന്നിവർ ഉൾപ്പെടെയുള്ള ടെലികോം സേവനദാതാക്കൾക്ക് ഗുണകരമാകുന്ന റൈറ്റ് ഓഫ് വേ മാനദണ്ഡങ്ങൾ അടുത്തിടെ ടെലികമ്യൂണിക്കേഷൻസ് വകുപ്പു പുറത്തിറക്കിയിരുന്നു.
ഒപ്റ്റിക്കൽ ഫൈബറുകൾ, ടെലികോം ടവറുകൾ എന്നിവ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ഇതിലൂടെ കഴിയും എന്നാണു വിലയിരുത്തൽ. പൊതുജനങ്ങളുടെ സുരക്ഷ, സുതാര്യത എന്നിവയിലൂന്നിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ആവശ്യമായ സർക്കാർ അനുമതികൾ ലഭ്യമാക്കുന്ന നടപടികൾ ഡിജിറ്റൽ വത്കരിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സാധ്യമാകും. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽനിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്.
മുൻ ടെലികോം നയങ്ങളിലെ അവ്യക്തതയും അസ്ഥിരതയും ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനു തടസമാകുന്നതായി പരാതികളുയർന്നിരുന്നു. ഇതിനു പരിഹാരം കാണുകയെന്നതും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്.
പുതിയ നീക്കത്തിലൂടെ കണക്റ്റിവിറ്റിയും രാജ്യത്തിന്റെ ഡിജിറ്റൽ പാതയിലെ മുന്നേറ്റവും സാധ്യമാക്കാൻ കഴിയുമെന്നാണു സേവനദാതാക്കൾ വിലയിരുത്തുന്നത്. രാജ്യത്തെ 5ജി നെറ്റ്വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിനടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.
നിരക്ക് വർധന: സ്വകാര്യ ടെലികോം കന്പനികളിൽ കൊഴിഞ്ഞുപോക്കു തുടരുന്നു
ഡൽഹി: നിരക്ക് വർധിപ്പിച്ചതു മുതൽ ഇന്ത്യൻ ടെലികോം മേഖലയിൽ ആരംഭിച്ച കൂടുമാറ്റം സെപ്റ്റംബറിലും തുടരുന്നതായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ. ഈ വർഷം ജൂലൈയിൽ ഇന്ത്യൻ ടെലികോം കന്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു.
ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും കന്പനികൾക്ക് ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതേസമയം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഉയർന്നു. നേരത്തേ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പുറത്തുവന്നപ്പോഴും ഇതേ ട്രെൻഡ് തന്നെയായിരുന്നു.
ട്രായിയുടെ റിപ്പോർട്ട് പ്രകാരം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാത്രമാണ് പുതിയതായി സെപ്റ്റംബറിൽ വയർലെസ് ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ഏകദേശം 8.4 ലക്ഷം വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബറിൽ ജിയോയ്ക്ക് 79 ലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വോഡഫോണ്‍ ഐഡിയയ്ക്ക് 15 ലക്ഷം ഉപോഭോക്താക്കളെ നഷ്ടമായി. എയർടെലിന് 14 ലക്ഷം ഉപയോക്താക്കളാണ് കുറഞ്ഞത്.
സ്വകാര്യ കന്പനികളെ മറികടന്ന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎലിന് കരുത്തായത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്.
വരിക്കാരുടെ എണ്ണത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടെലികോം വിപണിയിൽ ഒന്നാമൻ ഇപ്പോഴും ജിയോ തന്നെയാണ്. സെപ്റ്റംബറിൽ ജിയോ 40.20% (ഓഗസ്റ്റിൽ 40.53%) വിപണിവിഹിതവുമായി ഏറ്റവും വലിയ മൊബൈൽ ഓപറേറ്ററായി തുടർന്നു, എയർടെൽ 33.24% (ഓഗസ്റ്റിൽ 33.07%), വോഡഫോണ്‍ ഐഡിയ 18.41% (ഓഗസ്റ്റിൽ 18.39%). ബിഎസ്എൻഎൽ 7.98% (ഓഗസ്റ്റിൽ 7.84%) വിപണി വിഹിതം നേടി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,300 രൂപയും പവന് 58,400 രൂപയുമായി.
എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിനും കോ-ലെന്‍ഡിംഗ് സഹകരണത്തിന്
കൊച്ചി: എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിന് മുന്‍നിര എന്‍ബിഎഫ്സി-എംഎഫ്ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നീക്കങ്ങളാരംഭിച്ചു.
ഇതിന്റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാകും ഇതു നല്‍കുക.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങളിലും വരുമാനമുണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളെയാകും (ജെഎല്‍ജി) പ്രാഥമികമായി ഇതില്‍ പരിഗണിക്കുക.
ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം: ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി
കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ജിസിഡിഎയും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ നടന്നു.
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎയുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിനു മുന്നോടിയായാണ് ശില്പശാല. ഇന്‍ഫോ പാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു. ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പി.വി. ശ്രീനിജന് എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ജിസിഡിഎ സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലയില്‍ 300 ഏക്കറിലാകും ഇന്‍ഫോ പാര്‍ക്ക് മൂന്നാം ഘട്ട പദ്ധതി നിര്‍മിക്കുന്നത്. ലാന്‍ഡ് പൂളിംഗ് വഴിയാകും സ്ഥലം കണ്ടെത്തുക. ഇതില്‍ 100 ഏക്കര്‍ ഐടി പാര്‍ക്കിനായി മാത്രം വിനിയോഗിക്കും.
ശേഷിക്കുന്ന സ്ഥലത്ത് പാര്പ്പിടസൗകര്യങ്ങള്, വാണിജ്യ സ്ഥാപനങ്ങള്‍, കായിക-സാംസ്കാരിക സംവിധാനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉണ്ടാകും. 12,000 കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം ഐടി തൊഴിലവസരവുമാണ് സര്‍ക്കാര്‍ ഇവിടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 120 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം അനുവദിച്ചുകിട്ടാന്‍ കാത്തിരിക്കുന്നത്.
അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതി നിര്‍മാണം തുടങ്ങി
കൊച്ചി: സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിംഗ് സ്പെയ്സസിന്റെയും മുന്‍നിര ബില്ഡര്മാരിലൊന്നായ അസറ്റ് ഹോംസിന്റെയും സംയുക്ത സംരംഭമായ അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതിയായ ആനന്ദമാളിക കൊച്ചി ജവഹര്‍ നഗറില്‍ നിര്‍മാണമാരംഭിച്ചു.
അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസര്മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര്‍ ചേര്‍ന്നാണു പ്രഖ്യാപനം നിര്‍വഹിച്ചത്.
അസറ്റ് ജെജിടി ഡയറക്ടര്‍മാരായ വി. സുനില്‍ കുമാര്‍, ജോസഫ് ഡൊമിനിക്, ജെജിടി ലിവിംഗ് സ്പെയ്സസ് എംഡി തോമസ് ഡൊമിനിക്, സിജിഎച്ച് ഡയറക്ടര്‍ ജോസ് ഡൊമിനിക്, ആര്‍ക്കിടെക്ട് ടോണി ജോസഫ്, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3733 മുതല്‍ 3958 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള മൂന്ന്, നാല് ബെഡ്റൂമുകളുടെ 21 സൂപ്പര്‍ ലക്ഷ്വറി അപ്പാർട്ട്മെന്റുകള്‍ മാത്രമാണ് ഈ പദ്ധതിയിലുണ്ടാകുക.
തിരിച്ചുകയറി ഓഹരി വിപണി
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ തിരിച്ചു വരവ്. ഇന്ന് സെൻസെക്സ് 1,900 പോയിന്റുകളിലധികവും നിഫ്റ്റി 500 പോയിന്റുകളിലധികവും ഉയർച്ച നേടി.
ധനകാര്യ കന്പനികളുടെ റാലിയും അമേരിക്കയിൽനിന്നുള്ള ശക്തമായ തൊഴിൽ കണക്കുകളുമാണ് വിപണിയെ സ്വാധീനിച്ച മറ്റു ഘടകങ്ങൾ. സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനമാണ് മുന്നേറിയത്.
വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടാൻ തയാറായതാണ് വിപണിയെ സഹായിച്ചതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി എൽ & ടി, ടിസിഎസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് ഓഹരികൾ നേട്ടം ഉണ്ടാക്കി.
യുഎസിൽ ഗൗതം അദാനിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ് പ്രകടമായിരുന്നു. ഇത് കഴിഞ്ഞദിവസം ഓഹരി വിപണിയെ മൊത്തമായും ഉലയ്ക്കുകയും ചെയ്തു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിലും ഇടിവുണ്ടായെങ്കിലും മിക്ക ഓഹരികളും ദിന മധ്യത്തോടെ 6% വരെ തിരിച്ചുകയറ്റം നടത്തി.
ആഗോള തലത്തിൽ ഓഹരി വിപണികളിലുണ്ടായ കുതിപ്പ്, പൊതുമേഖലാ ബാങ്ക് ഓഹരികളിലെ വർധിച്ച ഡിമാൻഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധമായ പ്രതീക്ഷകൾ എന്നിവയും വിപണികൾക്ക് ഉൗർജം പകർന്നു.
ഓട്ടോസ്പോട്ട് / അരുൺ ടോം
വർഷം 2020. ഇന്ത്യൻ വിപണിയിൽ തകർന്നടിഞ്ഞു നിൽക്കുന്നു ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ. മരണമണി മുഴങ്ങിയ നിസാന്റെ അവസാന കച്ചിത്തുരുന്പായി മാഗ്നൈറ്റ് കളത്തിലിറക്കുന്നു. ഇതും വിജയിച്ചില്ലെങ്കിൽ ഇന്ത്യ വിടേണ്ട അവസ്ഥ. എന്നാൽ, പിന്നീടങ്ങോട് സംഭവിച്ചത് ചരിത്രം. ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്യുവികളിലൊന്നായി മാഗ്നൈറ്റ് മാറി.
ഇന്ന് നെക്സോൺ, ബ്രെസ, വെന്യു, സോണറ്റ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ നിസാൻ ഇറക്കുന്ന തുറുപ്പു ചീട്ടാണ് മാഗ്നൈറ്റ്. 2020ന് ശേഷം ചെറിയ മാറ്റങ്ങൾ പലപ്പോഴായി വരുത്തിയെങ്കിലും ഇപ്പോഴാണ് പറയത്തക്കവിധം മുഖംമിനുക്കി മാഗ്നൈറ്റ് എത്തിയത്.
മാറ്റമില്ലാത്ത മാറ്റം
നിലവിലുള്ള ഫീച്ചറുകളിൽ ചില മാറ്റങ്ങൾ വരുത്തിയും മറ്റ് ചില പുതിയ ഫീച്ചറുകൾ ചേർത്തുമാണ് പുതിയ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് കഴിഞ്ഞ മാസം വിപണിയിൽ ഇറക്കിയത്. വിലയിൽ മാറ്റമില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന ഘടകം. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം.
ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക്ക് എലമെന്റും നൽകിയിരിക്കുന്നു. മുന്നിൽ മാറ്റങ്ങൾ വരുത്തിയ ഹെഡ്ലാംപും എൽഇഡി ഡിആർഎല്ലും പിന്നിൽ എൽഇഡി ടെയിൽ ലാംപുകളുമാണുള്ളത്. വശങ്ങളിൽ വലിയ മാറ്റങ്ങളില്ല, പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.
വിദേശ ശൈലിയിൽ ഒരുക്കിയ കാബിൻ, സൗകര്യപ്രദമായ സ്റ്റോറേജ് സ്പെയ്സുകൾ, എർഗണോമിക് സീറ്റുകൾ, ദുർഗന്ധം-പൂപ്പൽ എന്നിവ നീക്കം ചെയ്യുന്ന പ്ലാസ്മ ക്ലസ്റ്റർ അയണൈസർ തുടങ്ങി ലോകോത്തര സൗകര്യങ്ങളാണ് വാഹനത്തിൽ ഉള്ളത്.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ 52ൽ അധികം അതീവ സുരക്ഷാ ഫീച്ചറുകളുമുണ്ട്. മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിന്റെ പഴയ വേരിയന്റ് പേരുകളും നിസാൻ മാറ്റി. ഇപ്പോൾ ഇത് വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നിങ്ങനെയാണ് പേരുകൾ. ആറ് വേരിയന്റുകളായാണ് പുതിയ പതിപ്പ്.
ഉള്ള് പുതിയത്
വാഹനത്തിനുള്ളിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒന്നാമത്തേത് കപ്പിൾ ഡിസ്റ്റൻസും മറ്റൊന്ന് ബാക്ക് സീറ്റ് നീ റൂമുമാണ്. മുന്നിലെ സീറ്റുകൾ തമ്മിലുള്ള അകലം 700 എംഎം ആക്കിയാണ് കപ്പിൾ ഡിസ്റ്റൻസ് നൽകിയിരിക്കുന്നത്. മുന്നിലെയും പിന്നിലെയും സീറ്റുകൾ തമ്മിലുള്ള അകലം 219 എംഎം ആക്കിയാണ് ബാക്ക് സീറ്റ് നീ റൂം നൽകിയിരിക്കുന്നത്.
ഓൾ ബ്ലാക്ക് തീമിന് പകരം കോപ്പർ ആൻഡ് ബ്ലാക്ക് ഫിനിഷുള്ള ഡാഷ്ബോർഡാണ് നൽകിയിരിക്കുന്നത്. ഡാഷ്ബോർഡിലും ഡോർ പാഡുകളിലും നാലു നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡോർ പാഡുകൾക്കും സീറ്റ് അപ്ഹോൾസറിക്കും ഡ്യുവൽ ടോണ്‍ ഫിനിഷ് നൽകിയിരിക്കുന്നു.
എന്നാൽ, മുൻ തലമുറയിലെ ബ്ലാക്ക്, സിൽവർ ഫിനിഷുള്ള സ്റ്റിയറിംഗ് വീൽ ഓൾ ബ്ലാക്കിലേക്ക് മാറിയിട്ടുണ്ട്. പിൻ ആംറെസ്റ്റ്, സ്പ്ലിറ്റ് പിൻസീറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ക്രോം ഡോർ ഹാൻഡിലുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, പവർ വിൻഡോ, ഡ്രൈവറുടെ സൗകര്യാർഥം ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ നൽകിയിരിക്കുന്നു.
ഡ്യുവൽ ടോണ്‍ ബ്രൗണ്‍-ഓറഞ്ച് ഇന്റീരിയർ, മെമ്മറി ഫംഗ്ഷനോടുകൂടിയ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, ആറ് സ്പീക്കറുകൾ, ഷാർക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, ബൈ-പ്രൊജക്ടർ ഹെഡ്ലാന്പുകൾ, ഹെഡ്ലാന്പുകളിൽ എൽഇഡി ടേണ്‍ ഇൻഡിക്കേറ്റർ, എൽഇഡി ഫോഗ് ലാന്പുകൾ, എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റ്, അപ്ഡേറ്റഡ് 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഓട്ടോഡിമ്മിംഗ് റിയർവ്യൂ മിറർ, സി ടൈപ് ചാർജിംഗ് പോർട്ട്, 360 ഡിഗ്രി കാമറ, വയർലെസ് ചാർജർ, ക്രൂയിസ് കണ്ട്രോൾ എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും എല്ലാ സീറ്റുകൾക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും നൽകിയിട്ടുണ്ട്. 60 മീറ്റർ ചുറ്റളവിൽ വാഹനം വിദൂരമായി സ്റ്റാർട്ട് ചെയ്യാൻ പുതിയ ഐ-കീയുമുണ്ട്.
ഹൃദയം പഴയത്
എൻജിനിൽ പുതിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ പതിപ്പ് ഇറക്കിയത്. മുൻപത്തെ മോഡലിന് സമാനമായി 1 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനുമാണ് നിസാൻ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിൽ നൽകിയിരിക്കുന്നത്.
72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും നൽകുന്നതാണ് പെട്രോൾ എൻജിൻ. അതേസമയം, ടർബോ-പെട്രോൾ എൻജിൻ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും നൽകുന്നുണ്ട്. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് രണ്ട് എൻജിനുകളിലും ലഭ്യമാണ്.
നാച്ചുറലി ആസ്പിരേറ്റഡ് എൻജിന് ഓപ്ഷണൽ 5-സ്പീഡ് എഎംടി ലഭിക്കും. ടർബോ-പെട്രോൾ എൻജിന് സിവിടി ഓപ്ഷനും ലഭിക്കും. നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെങ്കിലും ടർബോ-പെട്രോൾ എൻജിൻ അസെന്റയിൽ ആയിരിക്കും ലഭ്യമാകുക.
പൂർണമായും ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് റൈറ്റ് ഹാൻഡ് ഡ്രൈവ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് രീതിയിൽ മാറ്റംവരുത്തി 65ലധികം രാജ്യങ്ങളിലേക്കാണ് നിസാൻ കയറ്റുമതി ചെയ്യാൻ പോകുന്നത്.
ആക്സിസ് മൊമെന്റം ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൊമെന്റം തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെന്റം ഫണ്ട് അവതരിപ്പിച്ചു.
ഡിസംബര്‍ ആറു വരെയാണ് പുതിയ ഫണ്ട് ഓഫര്‍ കാലാവധി. കുറഞ്ഞത് 100 രൂപയാണ് അപേക്ഷാത്തുക. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. മൊമെന്റം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വഴി ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി: ഏജിസ് വോപാക് ടെര്‍മിനല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ സമര്‍പ്പിച്ചു.
ഓഹരി ഒന്നിന് പത്തു രൂപ വീതം മുഖവിലയുള്ള 3,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുടിഐ ഫണ്ട് ആസ്തികള്‍ 3900 കടന്നു
കൊച്ചി: യുടിഐ ലാര്‍ജ് ആൻഡ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3,900 കോടി രൂപ കടന്നതായി അധികൃതർ അറിയിച്ചു.
ഫണ്ടിന്റെ ഏകദേശം 48 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 7,225 രൂപയും പവന് 57,800 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു.
നിലവിലെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച്യുഐഡി നിരക്കും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 62,850 രൂപ വേണ്ടിവരും.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു
മുംബൈ: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കെതിരേ ഉയർന്ന കൈക്കൂലി കേസിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഏഴു കന്പനികളുടെ ഓഹരികളിൽ വലിയ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിനുണ്ടായ ഇടിവ് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. 20 ശതമാനത്തിലേറെയാണ് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവുണ്ടായത്.
2023ൽ ഹിൻഡെൻബർഗിന്റെ ആരോപണങ്ങൾ പുറത്തുവന്നശേഷം അദാനി ഗ്രൂപ്പ് നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെയുണ്ടായത്. ഇന്നലെ 2.60 ലക്ഷം കോടി മുതൽ 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
69.8 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സന്പത്ത് ഇപ്പോൾ 58.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഒരു ദിവസംകൊണ്ട് ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 22-ാം സ്ഥാനത്തുനിന്നും 25-ാം സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചു.
ഗ്രൂപ്പിന്റെ പ്രധാന കന്പനിയായ അദാനി എന്റപ്രൈസസ് 22.61 ശതമാനം ഇടിഞ്ഞ് 2182.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എനർജി സൊലൂഷൻസ് 20 ശതമാനവും ഇടിഞ്ഞു. കേസിൽ ഉൾപ്പെട്ടിരിക്കുന്ന അദാനി ഗ്രീൻ എനർജി 18.90 ശതമാനം നഷ്ടത്തിൽ 1145.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ടോട്ടൽ ഗ്യാസ് 10.40 ശതമാനത്തിലേക്ക് താഴ്ന്ന് 602.35 രൂപയിലും അദാനി പവർ 9.15 ശതമാനം താഴ്ന്ന് 476.15ലും അദാനി പോർട്ട് 13.53 ശതമാനം ഇടിഞ്ഞ് 1114.70 രൂപയിലും ക്ലോസ് ചെയ്തു. അദാനി വിൽമാർ 9.98 ശതമാനം നഷ്ടത്തിൽ 294.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൂടാതെ അദാനി ഗ്രൂപ്പിന് വലിയ നിക്ഷേപമുള്ള അംബുജ സിമെന്റ്, എസിസി സിമെന്റ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി. അംബുജ സിമന്റ്സിന്റെ ഓഹരി 65.85 രൂപ (11.98 %) ഇടിഞ്ഞ് 483.75 രൂപയിലും എസിസി ലിമിറ്റഡ് 159.25 രൂപ (7.29%) നഷ്ടത്തിൽ 2025.80 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു. എൻഡിടിവിയുടെ ഓഹരി 0.06 ശതമാനത്തിന്റെ താഴ്ചയിൽ 169.25 രൂപയിൽ ക്ലോസ് ചെയ്തു.
എൽഐസിക്കു വലിയ നഷ്ടം
അദാനി ഓഹരികളുടെ തകർച്ചയിൽ രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി)ക്ക് നഷ്ടമായത് 8500 കോടിയിലേറെ രൂപ.
യുഎസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടർന്ന് അദാനി ഓഹരികളിൽ ഇന്നലെയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കന്പനികളിലാണ് എൽഐസിക്ക് നിക്ഷേപമുള്ളത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊലൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി, അംബുജ സിമന്റ്സ് എന്നിവയാണവ. ഈ കന്പനികളിൽ എൽഐസിക്കു മൊത്തം 1.36 മുതൽ 7.86 ശതമാനം വരെ നിക്ഷേപമുണ്ട്.
ഫ്ലിപ്കാർട്ടിന് എഐ വീഡിയോ ഒരുക്കാൻ മലയാളി സ്റ്റാർട്ടപ്പ്
പുനലൂർ: ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഴ്സനലൈസ്ഡ് വീഡിയോകൾ സൃഷ്ടിക്കാൻ മലയാളി സ്റ്റാർട്ടപ് ആയ സ്റ്റോറിബ്രെയിൻ.
പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനായി ഫ്ലിപ്കാർട് നടത്തുന്ന ലീപ് ഇന്നവേഷൻ നെറ്റ്വർക്കിന്റെ (എഫ്എൽഐഎൻ) ഭാഗമായി ഇക്കൊല്ലം സ്റ്റോറിബ്രെയിൻ അടക്കം അഞ്ച് സ്റ്റാർട്ടപ്പുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലേറെ അപേക്ഷകരുണ്ടായിരുന്നു.
തിരുവനന്തപുരം സ്വദേശികളായ ജിക്കു ജോസ്, ജിബിൻ മാത്യു എന്നിവർ ചേർന്ന് 2019ൽ സിംഗപ്പുരിൽ ആരംഭിച്ച കമ്പനിയാണ് സ്റ്റോറിബ്രെയിൻ. വിരസമായ ഇ-കൊമേഴ്സ് പ്രോഡക്ട് പേജുകൾ എഐയുടെ സഹായത്തോടെ വീഡിയോ ജനറേറ്റ് ചെയ്ത് ആകർഷകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ചില സ്ഥലങ്ങളിൽ സ്റ്റോറിബ്രെയ്നിന്റെ സഹായത്തോടെ ഫ്ലിപ്കാർട് പരീക്ഷണം നടത്തുന്നുണ്ട്.
ഓരോ ഉപയോക്താവിന്റെയും വാങ്ങൽ രീതിയും ഹിസ്റ്ററിയും അനുസരിച്ച് വെവേറേ വീഡിയോ ചെയ്യുവാനും സ്റ്റോറി ബ്രെയിനിന്റെ ജനറേറ്റീവ് എഐയ്ക്ക് കഴിയും.കഴിഞ്ഞ മാസം സിംഗപ്പുരിലെ ടോപ് 25 എ ഐ സ്റ്റാർട്ടപ്പ്കളിൽ ഒന്നായി സ്റ്റോറിബ്രെയിനിനെ ഗൂഗിൾ തെരഞ്ഞെടുത്തിരുന്നു.
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. എട്ടു പൈസ താഴ്ന്ന് 84.50 രൂപയെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണികളിലുണ്ടായ നഷ്ടം, വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ, ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം എന്നിവയാണ് രൂപയെ തളർത്തിയത്. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ 84.42ലേക്ക് ഉയർന്നിരുന്നു.
യുഎഇ ദിർഹത്തിനെതിരേ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിർഹം 23.0047 രൂപയിലെത്തി.
ബന്ധന് മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു
തിരുവനന്തപുരം: നിഫ്റ്റി 200 ഗണത്തില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന മൂല്യമുള്ള 30 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന മികച്ച വരുമാനം നല്കുന്ന നിക്ഷേപ പദ്ധതി ബന്ധന് മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു.
പുതിയ നിഫ്റ്റി 200 ക്വാളിറ്റി 30 ഇന്‍ഡെക്സ് ഫണ്ടില്‍ നവംബര്‍ 29 വരെ നിക്ഷേപിക്കാം. ഓഹരി വരുമാനം, കടംഓഹരി അനുപാതം, പ്രതി ഓഹരി വരുമാനം തുടങ്ങിയ വിവിധ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച പ്രകടനം നടത്തുന്ന 30 കമ്പനികളുടെ ഓഹരികള്‍ ഈ ഫണ്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ഫണ്ടാണിതെന്ന് ബന്ധന് എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,145 രൂപയും പവന് 57,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,890 രൂപയായി.
അയ്യായിരത്തിലേറെ അവസരങ്ങളുമായി മണപ്പുറം ഗ്രൂപ്പ്
തൃശൂർ: തൊഴിലന്വേഷകർക്ക് അയ്യായിരത്തിലധികം തൊഴിലവസരങ്ങളൊരുക്കി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം ഗ്രൂപ്പിനു കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, മറ്റ് ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങൾ.
വിവിധ തസ്തികകളിലേക്ക് 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https:// www.manappuram.com/careers കാണുക.
സ്വർണപ്പണയ സംവിധാനത്തിൽ മാറ്റം?
മുംബൈ: സ്വർണപ്പണയ സംവിധാനത്തിൽ മാറ്റമുണ്ടായേക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയവായ് പ പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം നടത്തുന്നത്.
രാജ്യത്തെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണപ്പണയം വായ്പ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ രീതി മാറ്റാനായി ഒരുങ്ങുന്നത്. രാജ്യത്ത് സ്വർണപ്പണയവായ്പ കുത്തനെ ഉയർന്നതിലും റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായ്പ അനുവദിച്ചാലുടൻ, ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളോട് പലിശയും മുതലും തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്ക്കാൻ ആവശ്യപ്പെടാം. ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ, സ്വർണപ്പണയവായ്പകൾ പൂർണമായും ടേം ലോണ്‍ ആയി മാറും. അതായത്, മറ്റ് വായ്പകൾ തിരിച്ചടയ്ക്കുന്നതുപോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം.
നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്. പുതിയ രീതിയിലേക്ക് സ്വർണപ്പണയവായ്പാ രീതി മാറുന്പോൾ ഇഎംഐ തുക പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാൾക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകൾ പരിശോധിക്കേണ്ടതായി വരും.
സ്വർണവായ്പാവിതരണത്തിൽ കെവൈസി ചട്ടം, കാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയവ പാലിക്കുന്നതിൽ ചില ധനകാര്യസ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വായ്പാത്തുക കരാർ ലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകളായിരുന്നു റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നത്.
സ്വർണപ്പണയ വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുന്പോൾ ലോണുകൾക്ക് നിശ്ചിത തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ നിശ്ചിത തുക പ്രതിമാസം അടച്ച് ലോണ്‍ തുക പൂർത്തീകരിക്കാൻ കഴിയുന്നതാണ്.
നിലവിൽ ഭൂരിഭാഗം പേരും അവസാന നിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇഎംഐ പ്രതിബന്ധങ്ങളൊന്നുമില്ലാതെ കാലാവധി അവസാനിക്കുന്പോൾ മുഴുവൻ തുകയും അടച്ച് വായ്പ തീർപ്പാക്കുന്ന ബുള്ളറ്റ് സംവിധാനം വായ്പ നൽകുന്നവർ നൽകാറുണ്ട്. കൂടാതെ വായ്പാ കാലാവധിക്കു മുന്‍പുതന്നെ പണമുള്ളപ്പോൾ മുതലും പലിശയും അടച്ചു തീർക്കുന്ന സൗകര്യങ്ങളുമുണ്ട്.
സെപ്റ്റംബർ 30 വരെ 1.4 ലക്ഷം കോടി രൂപ ജൂവലറി വായ്പയായി ബാങ്കുകൾ വിതരണം ചെയ്തതായി ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 51 ശതമാനത്തിന്റെ ഉയർച്ചയാണിത്. ഒരു വർഷം മുന്‍പ് 14.6 ശതമാനം ഉയർച്ചയായിരുന്നു.
8,499 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ
ന്യൂഡൽഹി: ചൈനീസ് ബ്രാൻഡായ റെഡ്മി അവരുടെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ റെഡ്മി എ4 5ജി ഇന്ത്യയിൽ പുറത്തിറക്കി. 10,000 രൂപയിൽ താഴെ വില മാത്രമുള്ള ബജറ്റ് ഫ്രണ്ട്ലി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോണ്‍ ആണിത്.
6.88 ഇഞ്ച് എൽസിഡി എച്ച്ഡി+ സ്ക്രീനിൽ വരുന്ന ഫോണിന്റെ റിഫ്രഷ് റേറ്റ് 120Hz ആണ്. സ്നാപ്ഡ്രാഗണ്‍ 4എസ് 2 ചിപ്പിനൊപ്പം വരുന്നത് 4 ജിബി റാം. 5,160 എംഎഎച്ചിന്റെ മികച്ച ബാറ്ററിക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് 18 വാട്സ് ചാർജറും. 50 മെഗാപിക്സലിന്റെ പ്രൈമറി കാമറ, മറ്റൊരു സെക്കൻഡറി കാമറ, 5 എംപിയുടെ സെൽഫി കാമറ എന്നിവ റെഡ്മി എ4 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്വേർ അപ്ഡേറ്റുകളും നാലു വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളുമുണ്ട്.
റെഡ്മി എ4 5ജി ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. 4GB + 64GB സ്റ്റോറേജുള്ള ഫോണിന് 8,499 രൂപയാണ് വില. 4GB + 128GB സ്റ്റോറേജുള്ള സ്മാർട്ട്ഫോണിന് 9,499 രൂപയുമാണ്. ആമസോണ്‍, Mi.com, Xiomi റീട്ടെയിൽ സ്റ്റോറുകളിലൂടെയായിരിക്കും വിൽപന.
ഫോണ്‍ വാങ്ങാൻ നവംബർ 27 വരെ കാത്തിരിക്കണം. അന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണ്‍ ലഭ്യമാകും. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോണുള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ എന്നീ നിറങ്ങളിൽ സ്മാർട്ഫോണ്‍ വാങ്ങാം.
പൗള്‍ട്രി ഇന്ത്യ എക്സ്പോ 27 മുതല്‍
കൊച്ചി: പൗള്‍ട്രി ഇന്ത്യ എക്സ്പോ 27 മുതല്‍ 29 വരെ ഹൈദരാബാദ് ഹൈടെക്സ് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും.
അണ്‍ലോക്കിംഗ് പൗള്‍ട്രി പൊട്ടന്‍ഷ്യല്‍ എന്നതാണ് ഈ വര്‍ഷത്തെ പൗള്‍ട്രി ഇന്ത്യ എക്സ്പോയുടെ പ്രമേയം. ഇന്ത്യയുൾപ്പടെ 50 രാജ്യങ്ങളില്‍നിന്നു പൗള്‍ട്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 400 ലധികം കമ്പനികള്‍ എക്സിബിഷനില്‍ പങ്കെടുക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,115 രൂപയും പവന് 56,920 രൂപയുമായി.
എജി ആന്‍ഡ് പി പ്രഥം അഞ്ച് സിഎൻജി സ്റ്റേഷനുകൾ തുടങ്ങും
തിരുവനന്തപുരം: ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ ഏജൻസിയായ എജി ആന്‍ഡ് പി പ്രഥം തിരുവനന്തപുരത്ത് അഞ്ചു പുതിയ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) സ്റ്റേഷനുകൾ ഈ വർഷം ഡിസംബറോടെ ആരംഭിക്കും.
ഇതോടെ മേഖലയിലെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 44 ആയി ഉയരും. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലകൾക്കായി പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി) എത്തിക്കുന്നതോടൊപ്പം തിരുവനന്തപുരത്തിന്റെ ഇന്ധന ആവശ്യങ്ങൾക്ക് വൈവിധ്യമാർന്ന ഒരു പരിഹാരവും ലക്ഷ്യമിട്ടുള്ള സേവനങ്ങളാണ് എജി ആന്‍ഡ് പി പ്രഥം നടത്തുന്നത്.
തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ എജി ആന്‍ഡ് പി പ്രഥമിന്റെ ലിക്വിഡ് സിഎൻജി സ്റ്റേഷൻ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്തതു തോന്നയ്ക്കലിൽ ആരംഭിക്കാനുള്ള നടപടികൾ നടക്കുകയാണ്.
ക്രോം വിൽക്കണമെന്ന് ഗൂഗിളിനോട് യുഎസ്
വാഷിംഗ്ടൺ: ഓണ്‍ലൈൻ തെരച്ചിലിൽ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിച്ചെന്നാരോപിച്ച് ഗൂഗിളിനുമേൽ സമ്മർദവവുമായി യുഎസ് സർക്കാർ.
ഈ കാരണം ചൂണ്ടിക്കാട്ടി വെബ് ബ്രൗസറായ ക്രോം വിൽക്കണമെന്ന് ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റിനെ യുഎസ് നീതിന്യായവകുപ്പ് നിർബന്ധിക്കുകയാണ്. എന്നാൽ ഈ വാർത്തയോട് യുഎസ് നീതിന്യായവകുപ്പിലെ ആന്റിട്രസ്റ്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
ക്രോം വിൽക്കണമെന്ന വാർത്തയോട് രൂക്ഷമായാണ് ഗൂഗിൾ പ്രതികരിച്ചത്. ഈ കേസിൽ നിയമപരമായ പ്രശ്നങ്ങൾക്കപ്പുറമുള്ള ഒരു സമൂലമായ അജണ്ടയെ നീതിന്യായവകുപ്പ് മുന്നോട്ട് കൊണ്ടുപോകുകയാണ്. ഗൂഗിൾ എക്സിക്യൂട്ടീവ് ലീ-ആൻ മൾഹോളണ്ട് പ്രസ്താവനയിൽ പറഞ്ഞു.
ഹാരിസണ്‍സ് മലയാളം ഇഎസ്ജി നടപ്പാക്കും
കൊച്ചി: മികച്ച കൃഷിരീതികള്‍ അവലംബിക്കുന്നതിനും വാണിജ്യ സുസ്ഥിരത കൈവരിക്കുന്നതിനുമായി പാരിസ്ഥിതിക-സാമൂഹ്യ-സുസ്ഥിര ലക്ഷ്യങ്ങള്‍ (ഇഎസ്ജി) നടപ്പാക്കുമെന്ന് ഹാരിസണ്‍സ് മലയാളം(എച്ച്എംഎല്‍). ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഗ്ലോബൽ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവാണ് ഇതിന്റെ മാനദണ്ഡങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്.
ഹാരിസണ്‍സ് മലയാളത്തിന്റെ ഏഴു തേയിലത്തോട്ടങ്ങള്‍ക്കൊപ്പം ഫാക്ടറിയില്‍ സ്ഥിരമായി തേയില നല്കുന്ന ചെറുകിട തോട്ടങ്ങളിലും ഇഎസ്ജി നടപ്പാക്കുമെന്ന് സിഇഒ ചെറിയാന് എം. ജോര്‍ജ് പറഞ്ഞു.
തേയില ഉത്പന്നങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും മികച്ച കൃഷിരീതികള്‍ നടപ്പില്‍ വരുത്താനും ഇതു സഹായിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും പ്രാദേശികസമൂഹത്തിനും പരിരക്ഷ ലഭിക്കും.
മാഗ്നൈറ്റിന്റെ കയറ്റുമതി ആരംഭിച്ച് നിസാൻ
കൊച്ചി: ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്നൈറ്റ് എസ്യുവിയുടെ കയറ്റുമതി ദക്ഷിണാഫ്രിക്കയിലേക്ക് ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ.
ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനകംതന്നെ 2700ലധികം പുതിയ മാഗ്നൈറ്റ് കയറ്റുമതി ചെയ്തു.
ചെന്നൈയിലെ നിസാന്റെ പ്ലാന്റിൽ നിർമിക്കുന്ന പുതിയ മാഗ്നൈറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിയിൽ ആദ്യത്തെ രാജ്യമാണു ദക്ഷിണാഫ്രിക്ക.
65ലധികം അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാൻ ശ്രമം നടത്തുകയാണെന്ന് നിസാൻ അധികൃതർ അറിയിച്ചു.
ബാങ്കിംഗ് നിയന്ത്രണങ്ങള്‍ ഫിന്‍ടെക്കുകള്‍ക്ക് എതിരല്ല: റിസര്‍വ് ബാങ്ക് എക്സി. ഡയറക്ടര്‍
കൊച്ചി: ബാങ്കുകളും ഫിന്‍ടെക്കുകളും പരസ്പരം മത്സരിക്കേണ്ടവയല്ലെന്നും മറിച്ച് ഒരുമിച്ചു മുന്നോട്ടുപോകേണ്ടവയാണെന്നും റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.കെ. ദാഷ്. കൊച്ചിയില്‍ നടന്ന ബിഎഫ്എസ്ഐ സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാങ്കിംഗ് റഗുലേഷനുകള്‍ ഒരിക്കലും ഫിന്‍ടെക്കുകള്‍ക്ക് എതിരല്ല. ബാങ്കുകളും ഫിന്‍ടെക്കുകളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക വിപണിയെ വിപുലീകരിക്കാനും ഈ രംഗത്തെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപരംഗത്തെ പ്രമുഖര്‍ പരിപാടിയിൽ പ്രഭാഷണം നടത്തി.
രാജ്യാന്തര യൂണിഫോം മാനുഫാക്ച്ചറേഴ്സ് ഫെയർ ബംഗളൂരുവിൽ
ബംഗളൂരു: സോലാപുർ ഗാർമെന്റ് മാനുഫാക്ച്ചറിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എട്ടാമത് ഇന്റർനാഷണൽ യൂണിഫോം മാനുഫാക്ച്ചറേഴ്സ് ഫെയർ ഡിസംബർ 18 മുതൽ 20 വരെ ബംഗളൂരുവിൽ നടക്കും. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
120 പ്രമുഖ ബ്രാൻഡുകൾ പതിനായിരത്തിലേറെ ഡിസൈനുകളിൽ യൂണിഫോം തുണിത്തരങ്ങളും 25,000 ത്തോളം ഡിസൈനുകളിലുള്ള യൂണിഫോം ഫാബ്രിക്കും അവതരിപ്പിക്കും.
ബംഗളൂരു ജയമഹലിലെ ശ്രീനഗർ പാലസ് ഗ്രൗണ്ടിലെ ഗേറ്റ് നമ്പർ എട്ടിലാണു പ്രദർശനം.
എല്‍ഐസി ഏജന്റുമാരുടെ ധര്‍ണ ഇന്ന്
കൊച്ചി: എല്‍ഐസിയില്‍ പഴയ പോളിസികള്‍ പിന്‍വലിച്ച് റീഫയലിംഗ് നടത്തി പുതിയ പദ്ധതികള്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ഏജന്റുമാരടക്കം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ എല്‍ഐസി ഏജന്റ്സ് ഫെഡറേഷന് എറണാകുളം ഡിവിഷന് തലത്തില്‍ ഇന്നു ധര്‍ണ നടത്തും.
ഫെഡറേഷന് രാജ്യവ്യാപകമായി നടത്തുന്ന സമരങ്ങളുടെ തുടര്‍ച്ചയായാണു ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് ദേശീയ സെക്രട്ടറി പി.അനില്‍കുമാര്‍, ഡിവിഷന് പ്രസിഡന്റ് ടി.ഡി. സെല്വന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം രാജാജി റോഡില്‍നിന്ന് ഇന്നു രാവിലെ 9.30 ന് പ്രകടനമായി എത്തിച്ചേര്‍ന്ന് എല്‍ഐസി ഡിവിഷന് ഓഫീസിനു മുന്നില്‍ നടക്കുന്ന ധര്‍ണ ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിനയ് തിലക്, ട്രഷറര്‍ ജോസ് ആന്‍ഡ്രൂസ്, വി.എന്‍. പുരുഷോത്തമന് എന്നിവരും പങ്കെടുത്തു.
213 കോടി പിഴ; അപ്പീൽ നൽകുമെന്ന് മെറ്റ
ന്യൂഡൽഹി: വാട്സ് ആപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 213.14 കോടി രൂപ പിഴ ചുമത്തിയതിനെതിരേ അപ്പീൽ നൽകാനൊരുങ്ങി മെറ്റ കന്പനി.
സ്വകാര്യതാ നയം പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2021ൽ വാട്സ് ആപ് കൊണ്ടുവന്ന അപ്ഡേറ്റ് വിപണിമര്യാദകൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് സിസിഐ വാട്സ് ആപ്പിന്റെ മാതൃകന്പനിയായ മെറ്റയ്ക്ക് ഭീമൻ പിഴ ചുമത്തിയത്. എന്നാൽ, സിസിഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും അപ്പീൽ നൽകുമെന്നും മെറ്റ വക്താവ് അറിയിച്ചു.
വാട്സ് ആപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡാറ്റ മെറ്റ കന്പനിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്നതായിരുന്നു 2021ലെ സ്വകാര്യതാ നയത്തിൽ വാട്സ് ആപ് കൊണ്ടുവന്ന മാറ്റം. നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥപ്രകാരം ഡാറ്റ പങ്കുവയ്ക്കണോ, വേണ്ടയോ എന്നതിൽ ഉപയോക്താവിനു തീരുമാനമെടുക്കാമായിരുന്നു.
എന്നാൽ 2021ലെ അപ്ഡേറ്റിലൂടെ ആപ് ഉപയോഗിക്കണമെങ്കിൽ വാട്സ് ആപ് ആവശ്യപ്പെടുന്ന വ്യവസ്ഥ അംഗീകരിക്കണമെന്ന രീതി വന്നു. വിപണി ആവശ്യത്തിന് ഡാറ്റ മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വ്യവസ്ഥ വിപണി മര്യാദകൾക്കെതിരാണെന്നു വ്യക്തമാക്കിയ സിസിഐ ഡാറ്റ കൈമാറുന്നത് അഞ്ചു വർഷത്തേക്ക് വിലക്കുകയും ചെയ്തു.
ഉപയോക്താവിന്റെ ഡാറ്റ മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കിടുമെന്നത് വാട്സ് ആപ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും സിസിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സിസിഐയുടെ കണ്ടെത്തലുകൾ മുഴുവൻ തള്ളിയാണു മെറ്റ പ്രതികരിച്ചത്. 2021ലെ അപ്ഡേറ്റ് ആളുകളുടെ വ്യക്തിഗത സന്ദേശങ്ങളുടെ നയം മാറ്റിയിട്ടില്ലെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.
നയം സ്വീകരിക്കാത്തതിന്റെ പേരിൽ ആരുടെയും വാട്സ് ആപ് അക്കൗണ്ടുകളും സേവനവും നഷ്ടമായിട്ടില്ലെന്ന് കന്പനി ഉറപ്പാക്കിയിരുന്നുവെന്ന് മെറ്റ പറഞ്ഞു.
അപ്ഡേറ്റ് വാട്ട്സ് ആപ്പിലെ ബിസിനസ് സവിശേഷതകൾ അവതരിപ്പിക്കാനും ഡാറ്റ ശേഖരണത്തിൽ സുതാര്യത ഉറപ്പാക്കാനായുമായാണ് ലക്ഷ്യം വച്ചിരുന്നതെന്നും മെറ്റ വ്യക്തമാക്കി.
കൂടുതൽ സൗരോർജ ബോട്ടുകൾ പുറത്തിറക്കാൻ ജലഗതാഗത വകുപ്പ്
എസ് ആർ. സുധീർ കുമാർ
കൊല്ലം: ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെയും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ സൗരോർജ ബോട്ടുകൾ അവതരിപ്പിക്കാൻ ജലഗതാഗത വകുപ്പിനു പദ്ധതി. 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ചെറുബോട്ടുകൾ നിർമിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ രൂപകൽപ്പനാ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
നദികളും തോടുകളും അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിൽ സുരക്ഷിത യാത്ര നടത്തുന്നതിന് അനുയോജ്യമായ ചെറു ബോട്ടുകളാണു രൂപകൽപ്പനയിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും ഈ ബോട്ടുകൾ തുടക്കത്തിൽ സർവീസ് നടത്തുക.
കുട്ടനാട്ടിലെ നിലവിലെ കായൽ ടൂറിസം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 30 സീറ്റുകൾ ഉള്ള സോളാർ ബോട്ടുകൾ നിർമിക്കാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. ഇത് കൂടാതെ കൊല്ലം ജില്ലയിലെ മൺറോതുരുത്തിലെ പ്രധാന ആകർഷണമായ കണ്ടൽ കാടുകളിലേക്കു വിദേശ - ആഭ്യന്തര വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ഔട്ട് ബോർഡ് എൻജിനുകളുള്ള ബോട്ടുകൾ അവതരിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നു.
ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്ത് ദ്വീപിലേക്കും സമാനമായ സഞ്ചാര പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്ത് വരികയാണ്. ഈ ദ്വീപ് നാഷണൽ ജിയോഗ്രഫിക് ചാനലിന്റെ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനും വകുപ്പ് ലക്ഷ്യമിടുന്നു.
സൗരോർജ ബോട്ടുകൾ നിലവിൽ എറണാകുളത്ത് സർവീസ് നടത്തുന്നുണ്ട്. ഇവ നൽകുന്ന യാത്രാ പാക്കേജുകൾക്ക് നിലവിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിന്റെകൂടി അനുഭവത്തിലാണ് പ്രാദേശിക ജല ടൂറിസം വർധിപ്പിക്കാൻ കൂടുതൽ സോളാർ ബോട്ടുകൾ നിർമിക്കാൻ വകുപ്പ് തീരുമാനിച്ചത്. സാധാരണക്കാർക്ക് കൂടി ഈ സേവനം ലഭ്യമാക്കുക എന്ന ആശയം സാക്ഷാത്കരിക്കണം എന്നതും ജലഗതാഗത വകുപ്പിന്റെ ലക്ഷ്യമാണ്.
ഓരോ സ്ഥലങ്ങളിലും പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ തരത്തിലുള്ള ബോട്ടുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വകുപ്പ് അധികൃതർ.
ബറോസ് ട്രെയിലർ എത്തി
സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്തു. ബാറോസ് 3ഡി ഗാർഡിയൻ ഓഫ് ട്രെഷറർ എന്നാണ് ചിത്രത്തിന്റെ പേര്.
ബറോസിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള 3 ഡി ട്രെയിലറാണ് ഇപ്പോൾ റിലീസ് ചെയ്തത്. ചിത്രം ഡിസംബർ 25ന് ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് സിനിമ നിർമിക്കുന്നത്.
ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമ ഒരുക്കിയിരിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായിട്ട് മോഹൻലാൽ തന്നെയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം. കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
മലയാളി സ്റ്റാര്‍ട്ടപ്പിന് ഗൂഗിളിന്റെ പുരസ്കാരം
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഗ്രീന്‍ ആഡ്സ് ഗ്ലോബലിന് ഗൂഗിള്‍ മെസേജിന്റെ ‘ഇന്നൊവേഷന് ചാമ്പ്യന്‍ 2024’ പുരസ്കാരം.
കമ്പനികള്‍ക്ക് എസ്എംഎസ് ഗേറ്റ് വേ, വോയ്സ് സൊലൂഷന്‍സ്, ഗൂഗിള്‍ ആര്‍സിഎസ് മെസേജുകള്‍, വാട്സാപ്പ് സേവനങ്ങള്‍, ചാറ്റ്ബോട്ട് എന്നിവ ഒരുക്കുന്ന സംരംഭമാണ് ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍.
ഗൂഗിള്‍ ഇന്ത്യയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ കമ്മ്യൂണിക്കേഷന്‍ പ്രോഡക്ട് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ അലിസ്റ്റര്‍ സ്ലാറ്ററി, ഇന്ത്യ ഗൂഗിള്‍ മെസേജ് ഹെഡ് അഭിനവ് ഝാ എന്നിവരില്‍നിന്നു കമ്പനി പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മുംബൈ: ഏഴു ദിവസത്തെ തുടർച്ചയായുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായ ഏഴു ദിവസത്തിനുശേഷം നിഫ്റ്റി 65 പോയിന്റോളം ഉയർന്ന് 23518.50ൽ ക്ലോസ് ചെയ്തു.
ബിഎസ്ഇ സെൻസെക്സ് 239 പോയിന്റ് മുന്നേറി 77578 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നാലു ദിവസത്തിനുശേഷമാണ് സെൻസെക്സ് മുന്നേറ്റം നടത്തിയത്. വ്യാപാരത്തിനിടെ സെൻസെക്സ് ഒരു ഘട്ടത്തിൽ ആയിരത്തിലധികം പോയിന്റ് മുന്നേറിയിരുന്നു. നിഫ്റ്റി 293 പോയിന്റോളം മുന്നേറിയിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പനയിൽ കുറവുണ്ടായതും ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങൽ കൂടിയതുമാണ് വിപണിക്കു നേട്ടമായത്. ഏഷ്യൻ മാർക്കറ്റുകളിലും വാങ്ങലുകൾ ശക്തമായി. ബിഎസ്ഇയിൽ 2362 ഓഹരികൾ ഉയർന്നപ്പോൾ 1601 ഓഹരികൾ താഴ്ന്നു. 96 എണ്ണം മാറ്റമില്ലാതെ നിന്നു.
സൻസെക്സിലെ 30 ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, അൾട്രാ ടെക് സിമന്റ്, പവർ ഗ്രിഡ്, ഇൻഫോസിസ് എന്നിവർ നേട്ടം കൈവരിച്ചു. റിലൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ബജാജ് ഫിൻസെർവ്, മാരുതി, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ എന്നിവർക്കു നഷ്ടം നേരിട്ടു.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ. റെഡ്ഢീസ്, ഐഷർ മോട്ടോഴ്സ് എന്നിവരാണ് ഇന്നലെ പ്രധാനമായും ലാഭം നേടിയവർ.
വിപണിക്ക് ഇന്ന് അവധി
മഹാരാഷ് ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഓഹരി വിപണികൾക്ക് ഇന്ന് ഓഹരി വിപണികൾക്ക് അവധിയായിരിക്കും.
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരിയിൽ
കൊച്ചി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ വെബ്സൈറ്റ് വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായനയത്തില്‍ പ്രഖ്യാപിച്ച 22 മുന്ഗണനാമേഖലകളായിരിക്കും നിക്ഷേപക ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം.
ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ലുലു കണ്വന്ഷന് സെന്ററിലാണു നിക്ഷേപക ഉച്ചകോടി നടക്കുന്നത്. രണ്ടായിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ വരുന്ന വാഗ്ദാനങ്ങള്‍ യാഥാര്ഥ്യബോധത്തോടെയുള്ളതാകണം. അതിനായി മുന്ഗണനാമേഖലകളുമായി പ്രത്യേകം നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
കേരളത്തില്‍നിന്നു വിജയകരമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും പ്രദര്‍ശനം ഉച്ചകോടിയിലുണ്ടാകും. ബിടുബി, ബിടുജി ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് തുടങ്ങിയവയുമുണ്ടാകും.
ഫിക്കി, സിഐഐ, ടൈ കേരള തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണവും ഉച്ചകോടിയിലുണ്ടാകും. സംസ്ഥാനത്തേക്കു വരുന്ന നിക്ഷേപങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകരിക്കാനാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടാറ്റ ഇലക്ട്രിക് വാഹനങ്ങളുടെ എക്സ്ക്ലൂസീവ് ഷോറൂം തൃശൂരിൽ
തൃശൂർ: ഇന്ത്യയിലെ അഞ്ചാമത്തെ ടാറ്റ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള എക്സ്ക്ലൂസീവ് ഷോറൂം തൃശൂർ കുട്ടനെല്ലൂരിൽ തുറന്നു.
ടാറ്റ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റ് ആൻഡ് സിഇഒയും ടാറ്റ ഇലക്ട്രിക്് മൊബിലിറ്റി വിഭാഗം മേധാവിയുമായ വിവേക് ശ്രീവാസ്തവയും ഹൈസൺ മോട്ടോഴ്സിന്റെ ഡീലർ പ്രിൻസിപ്പൽ അൻവർ പയ്യൂരായിലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടാറ്റ മോട്ടോഴ്സിന്റെയും ഹൈസൺ മോട്ടോഴ്സിന്റെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
പ്യുവര്‍ ഇവി അര്‍വ ഇലക്ട്രിക്കുമായി കൈകോര്‍ക്കും
കൊച്ചി: പ്യുവര്‍ ഇവി, അര്‍വ ഇലക്ട്രിക് വെഹിക്കിള്‍സ് മാനുഫാക്ചറിംഗ് എല്‍എല്‍സിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമുള്ള ഉപഭോക്താക്കള്‍ക്ക് സുസ്ഥിര മൊബിലിറ്റി ഓപ്ഷനുകള്‍ ലഭ്യമാക്കാനും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വിതരണവും വില്പനയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണു സഹകരണം.
ക്ലാരിയോണ്‍ ഇന്‍വെസ്റ്റ്മെന്റ് എല്‍എല്‍സിയുടെ അനുബന്ധ സ്ഥാപനമാണ് അര്‍വ ഇലക്ട്രിക്.
രൂപ വീണ്ടും നഷ്ടത്തിൽ
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒരു പൈസയുടെ നഷ്ടം. 84.43 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണി തിരിച്ചുകയറുക, എണ്ണവില കുറയുക എന്നീ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും വിദേശ വിപണിയിൽ ഡോളർ ശക്തിയാർജിച്ചതാണ് രൂപയ്ക്ക് വിനയായത്.
റഷ്യ- യുക്രയ്ൻ സംഘർഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണം അടക്കമുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ഡിമാൻഡ് വർധിച്ചതോടെയാണ് ഡോളർ ശക്തിയാർജിച്ചത്. ഇതാണ് രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയതെന്ന് വിപണി വിദഗ്ധർ പറയുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,065 രൂപയും പവന് 56,520 രൂപയുമായി.
കന്നുകാലി ഇന്‍ഷ്വറന്‍സ്: മില്‍മ 1000 രൂപ സബ്സിഡി നല്‍കും
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ കര്‍ഷകര്‍ക്ക് കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് 1000 രൂപ പ്രീമിയം സബ്സിഡി നല്‍കും.
ഒരു പശുവിന് 500 രൂപ നിരക്കിലായിരുന്നു നിലവിൽ പ്രീമിയം സബ്സിഡി നൽകിയിരുന്നത്. ഒരു കര്ഷകന് നാല് പശുവിനു വരെയാണ് പ്രീമിയം സബ്സിഡി നല്‍കുക. സബ്സിഡി വർധന ഇന്നുമുതല്‍ നടപ്പാകുമെന്ന് ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
എസ്ബിഐ പ്രത്യേക നാണയം പുറത്തിറക്കി
കൊച്ചി: എസ്ബിഐയുടെ ഹോര്ണിമാന് സര്‍ക്കിള്‍ ബ്രാഞ്ചിന്റെ ശതാബ്ദിയോടനുബന്ധിച്ച് 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണു നാണയം പുറത്തിറക്കിയത്. ഗ്രേഡ് എ ഹെറിറ്റേജ് പദവിയുള്ളതും ദക്ഷിണ മുംബൈയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടവുമാണ് ഹോര്ണിമാന് സര്‍ക്കിള്‍ ബ്രാഞ്ച്. ധനകാര്യ സെക്രട്ടറി എം. നാഗരാജുവും ചടങ്ങില്‍ പങ്കെടുത്തു.
മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കുകളുമായി പന്തൽ
കൊച്ചി: പ്ലംകേക്ക് നിർമാണരംഗത്തെ പ്രമുഖരായ പന്തൽ ഗ്ലോബൽ ഗൂർമെ പ്രൈവറ്റ് ലിമിറ്റഡ് മട്ടാഞ്ചേരി സ്പൈസ് പ്ലംകേക്കുകൾ വിപണിയിലെത്തിച്ചു.
തേനും ഡ്രൈ ഫ്രൂട്സും തനതായ മട്ടാഞ്ചേരി സുഗന്ധദ്രവ്യങ്ങളും ചേർത്തുണ്ടാക്കിയ ട്രാൻസ് ഫാറ്റ് ഫ്രീ മെച്വേഡ് പ്ലംകേക്ക്, എഗ്ലെസ് മെച്വേഡ് പ്ലംകേക്ക്, ക്രാൻബെറി, ചെറി തുടങ്ങിയവ ചേർത്ത് ഓറഞ്ച് ജ്യൂസിൽ സ്ലോ കൂക്ക് ചെയ്തെടുത്ത കരാമൽ ഫ്രീ ക്ലാസിക് ജെനോവ ഫ്രൂട്ട് കേക്ക്, ക്രിസ്മസിനായി പ്രത്യേകം തയാറാക്കിയ റിച്ച് പ്ലംകേക്ക് എന്നിവയാണു പന്തൽ വിപണിയിലെത്തിച്ചത്.
വ്യവസായ നിക്ഷേപ സൗഹൃദ പട്ടികയില്‍ കേരളം മുന്നില്‍: പി. രാജീവ്
കൊച്ചി: ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ നവീന ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ (ഡിടിസി) തുറന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായനിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ നയം പരിസ്ഥിതി, ജനങ്ങള്‍, വ്യവസായം എന്നീ നിലയിലായതിനാല്‍ പാരിസ്ഥിതിക പരിഗണന മുന്‍നിര്‍ത്തി തന്നെ കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ബഹുരാഷ്ട്ര കമ്പനിയായ എന്ഒവിയാണ് ലുലു സൈബര്‍ ടവര്‍ 2ല്‍ 17,000 ചതുരശ്രയടി വിസ്തൃതിയില്‍ സെന്റര്‍ തുറന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനിയറിംഗ് സെന്റര്‍, കോര്‍പറേറ്റ് ഡിജിറ്റല്‍ സര്‍വീസസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്നിവയും ഇതിന്റെ ഭാഗമാകും.
ആഗോള ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഒവിക്ക് ഇന്ത്യയില്‍ നിലവില്‍ പൂനേയിലും ചെന്നൈയിലും നിര്‍മാണശാലകളുണ്ട്. രാജ്യത്ത് എന്‍ഒവിയുടെ ആദ്യത്തെ ഡിജിറ്റല്‍ ടെക്നോളജി ഡവലപ്മെന്റ് സെന്ററാണു കൊച്ചിയിലേത്.
കൊച്ചിയില്‍ നിലവില്‍ 70 ജീവനക്കാരുള്ള എന്‍ഒവി അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് എന്‍ഒവി പ്രോഡക്ട് ഐടി വൈസ് പ്രസിഡന്റ് സ്റ്റാലെ ജോര്‍ദന്‍ പറഞ്ഞു. ആഗോളതലത്തില്‍ എന്‍ഒവിക്ക് 34,000 ജീവനക്കാരുണ്ട്.
മുംബൈ: സർവകാല റിക്കാർഡ് തകർച്ചയെ നേരിട്ട രൂപ തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ ഡോളറിനെതിരേ ആറു പൈസ ഉയർന്ന് 84.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു.
ഇന്നലെ 84.42 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.37ലേക്ക് ഉയർന്നു. അവസാനം 84.40ൽ വ്യാപാരം അവസാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 84.46ലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച ഗുരു നാനാക് ജയന്തിയെത്തുടർന്നു വിപണി അവധിയായിരുന്നു.
മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കാരണം വിൽപ്പന സമ്മർദ്ദം പരിമിതമായി തുടരുമെന്ന പ്രതീക്ഷകളോടെ, അടുത്ത ദിവസങ്ങളിൽ എഫ്ഐഐകൾ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ) വിൽപ്പന കുറച്ചതാണ് രൂപയുടെ ചെറിയ ഉയർച്ചയ്ക്കു സഹായകമായതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.06 ശതമാനം ഇടിഞ്ഞ് 106.55 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ വില 0.79 ശതമാനം ഉയർന്ന് ബാരലിന് 71.60 ഡോളർ എന്ന നിലയിലെത്തി.
രൂപ മെച്ചപ്പെടുത്തിയപ്പോൾ ഓഹരി വിപണിയിൽ ഇടിവു തുടരുകയാണ്. ഇക്വിറ്റി മാർക്കറ്റുകൾ ഇന്നലെ തുടർച്ചയായ ഏഴാം സെഷനിലും താഴോട്ടുള്ള പാത തുടർന്നു. 2023 ഫെബ്രുവരിക്കുശേഷം നിഫ്റ്റി തുടർച്ചയായി നഷ്ടം നേരിടുന്ന നീണ്ട കാലയളവാണിത്.
ഇന്നലെ നിഫ്റ്റി 78.90 പോയിന്റ് ഇടിഞ്ഞ് 23,453.80ലെത്തി. ഐടി, ഉൗർജം എന്നിവയുടെ ഓഹരികളുടെ വിൽപ്പനയാണ് നിഫ്റ്റിക്കു തിരിച്ചടിയായത്. സെൻസെക്സ് 241.30 താഴ്ന്ന് 77,339.01ലെത്തി. വിപണിയിലെ 1560 ഓഹരികൾ മുന്നേറിയപ്പോൾ 2361 ഓഹരികൾ താഴ്ന്നു. 124 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സെൻസെക്സ് 77,863.54 പോയിന്റിലും നിഫ്റ്റി 23,605.30 പോയിന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വിൽപ്പന സമ്മർദം ഉയർന്നതോടെ ഇടിവുണ്ടായി.
ഐടി, ഫാർമ, ഹെൽത്ത്കെയർ, ഉൗർജം എന്നിവയുടെ ഓഹരികൾക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. എന്നാൽ മെറ്റൽ, ഓട്ടോ എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
പുത്തന്‍ ഔഡി ക്യു 7 ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, ഇന്ത്യയില്‍ പുതിയ ഔഡി ക്യു 7നുള്ള ബുക്കിംഗ് ആരംഭിച്ചു.
പുതിയ ഔഡി ക്യു 7, മൈ ഔഡി കണക്ട് ആപ്ലിക്കേഷന്‍ വഴിയോ, ഔഡി ഇന്ത്യ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം. പുതിയ ഔഡി ക്യു 7 ഈ മാസം 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
സഗീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മിതോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് എന്നീ അഞ്ച് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ ലഭ്യമാകും. സെഡാര്‍ ബ്രൗണ്‍, സൈഗാ ബെയ്ജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇന്റീരിയര്‍.
340 എച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ 3 ലിറ്റര്‍ വി6 ടിഎഫ്എസ്ഐ എൻജിന് ഉപയോഗിച്ച് പുതിയ ഔഡി ക്യു 7ന് വെറും 5.6 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.
വേദിക് വില്ലേജ് റിസോര്‍ട്ടിന് പുരസ്കാരം
കൊച്ചി: 19-ാമത് ആഗോള ടൂറിസം, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി അവാര്‍ഡ്സില്‍ ശബരി ഗ്രൂപ്പിന്റെ കൊടുങ്ങല്ലൂരിലുള്ള വേദിക് വില്ലേജ് റിസോര്‍ട്ടിന് കേരളത്തിലെ മികച്ച ബൂടിക് റിട്രീറ്റിനുള്ള പുരസ്കാരം.
ന്യൂഡല്‍ഹിയില്‍ ഹോസ്പിറ്റാലിറ്റി ഇന്ത്യാ ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവില്നിന്ന് ശബരി സിഇഒയും ഡയറക്ടറുമായ സന്തോഷ് നായര്‍ പുരസ്കാരം ഏറ്റുവാങ്ങി.
വിഴിഞ്ഞം കോണ്‍ക്ലേവ്: തുറമുഖേതര നിക്ഷേപങ്ങളിലേക്കും വഴിതുറക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകള്‍ അനാവരണം ചെയ്ത് ജനുവരിയില്‍ നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ തുറമുഖേതര വ്യവസായങ്ങളെയും വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ക്കു വഴിതുറക്കും.
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ് മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ഈ രംഗത്തെ വിദഗ്ധര്‍ അവതരിപ്പിക്കും.
കണ്ടെയ്നര്‍ ഫ്രയ്റ്റ് സ്റ്റേഷന്, കണ്ടെയ്നര്‍ യാര്‍ഡ്, എക്യുപ്മെന്റ് റിപ്പയര്‍ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ തുടങ്ങി ഷിപ്പിംഗുമായി ബന്ധപ്പെട്ട ഒട്ടേറെ സാധ്യതകള്‍ വിഴിഞ്ഞം മുന്നോട്ടുവയ്ക്കുന്നുണ്ട്.
ജനുവരി 29നും 30നും തിരുവനന്തപുരത്താണ് കോണ്‍ക്ലേവ് നടക്കുക.
ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി തുടർന്നേക്കും
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസിന്റെ കാലവധി കേന്ദ്ര സർക്കാർ നീട്ടിയേക്കും. ഇതോടെ 1960നുശേഷം ഏറ്റവും കൂടുതൽ കാലം ആർബിഐയുടെ ഗവർണായി തുടർന്ന വ്യക്തിയെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കും.
2018ലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണായി നിയമിക്കുന്നത്. ഡിസംബർ പത്തിനാണ് അദ്ദേഹത്തിന്റെ കാലവാധി പൂർത്തിയാകുക.
അഞ്ചു വർഷമാണ് റിസർവ് ബാങ്ക് ഗവർണർമാരുടെ കാലാവധി. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അഞ്ചു വർഷത്തിൽ കൂടുതൽ ആരെയും ആ സ്ഥാനത്ത് നിലനിർത്തിയിരുന്നില്ല. ഇതിനു മുന്‍പ് ബെനഗൽ രാമ റാവുവാണ് ഏറ്റവും കൂടുതൽ കാലം ഗവണറായി സേവനം അനുഷ്ഠിച്ചത്. 1949 മുതൽ 1957 വരെ ഏഴര വർഷത്തോളമാണ് രാമ റാവു ഗവർണായിയിരുന്നത്.
ശക്തികാന്ത ദാസിനു പകരം ആരെയും സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പ്രഖ്യാപനമുണ്ടായേക്കുമെന്നും വിവരങ്ങളുണ്ട്.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം തൃപ്രയാറില്‍
തൃശൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 21നു രാവിലെ 10.30നു ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്‍ന്നു നിര്‍വഹിക്കും.
ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പന എം.ആര്. ദിനേശനും (പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്പന രജനി ബാബുവും (വൈസ് പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്) നിര്‍വ്വഹിക്കും.
വാര്‍ഡ് അംഗം ഗ്രീഷ്മ സുഗിലേഷ്, തൃപ്രയാര്‍ ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ അസീസ്, തൃപ്രയാര്‍ കെവിവിഇഎസ് പ്രസിഡന്റ് ഡാലി ജോണ്‍, സി.പി. അനില്‍ (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), എം.ജെ. ജോജി (പിആര്‍ഒ) എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനവേളയില്‍ തൃപ്രയാറിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായം ബോചെ വിതരണം ചെയ്യും.
സാങ്കേതിക സർവകലാശാലയും കെ ഡിസ്കും കൈകോർക്കുന്നു
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത നൈപുണ്യം നൽകുന്നതിന് സാങ്കേതിക സർവകലാശാല ബിടെക് കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്റേണ്‍ഷിപ്പിനായി കെ ഡിസ്ക് അവസരമൊരുക്കുന്നു.
തദ്ദേശസ്ഥാപനങ്ങളുമായും പ്രമുഖ സ്വകാര്യ കന്പനികളുമായും സഹകരിച്ചാണ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കാനുള്ള ഈ അവസരം ഒരുക്കുന്നത്.
സാങ്കേതിക സർവകലാശാലയുമായി ഒപ്പു വച്ച ധാരണാപത്രത്തിൽ വിദ്യാർഥികൾക്കുള്ള ഇന്റേണ്‍ഷിപ്പുകൾ കെ ഡിസ്കിന്റെ സംരഭമായ ഡിഡബ്യുഎംഎസ് പോർട്ടൽ വഴി നൽകുമെന്ന് വിഭാവനം ചെയ്തിരുന്നു.