ലുലു ഐപിഒയ്ക്ക് തുടക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
Monday, October 28, 2024 11:45 PM IST
അബുദാബി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐപിഒ) ഇന്നലെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടക്കമായി. നവംബർ 5 വരെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഐപിഒ നടത്തുന്നത്.
ഐപിഐയിലൂടെ കന്പനിയുടെ 25 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് വിറ്റഴിക്കുന്നത്. 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെ (11,424-12,012 കോടി രൂപ) യാണ് ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീട്ടെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റിക്കാർഡ് സ്വന്തമാക്കി.
ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റിക്കാർഡ്. ഇന്നലത്തെ ഐപിഒയിലൂടെ യുഎഇയിലെ ഏറ്റവും വലിയ റീട്ടെയിലർ ഐപിഒ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കന്പനി ഐപിഒ എന്നീ റിക്കാർഡുകളും ലുലു സ്വന്തം പേരിൽ കുറിച്ചു.
ലുലു റീട്ടെയ്ൽ ഐപിഒയ്ക്ക് വില്പനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ ഉണ്ടാകുമെന്ന് നേരത്തേതന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകംതന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു. ഐപിഒയുടെ ആദ്യഘട്ടം മാത്രമാണ് ഇന്നലെ അവസാനിച്ചിരിക്കുന്നത്.
നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നൽകുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇതും ഐപിഒയിലേക്ക് നിക്ഷേപകരെ ആകർഷിച്ചേക്കും. 48,231 കോടി രൂപവരെയാണ് (546-574 കോടി ഡോളർ) ലുലു റീട്ടെയ്ലിന് വിപണിമൂല്യം വിലയിരുത്തുന്നത്.