ടയര്‍ക്കമ്പനികള്‍ തുടര്‍ച്ചയായി റബർ വാങ്ങണം: ബോർഡ്
Wednesday, October 30, 2024 1:56 AM IST
കോട്ടയം: ടയര്‍ക്കമ്പനികള്‍ ആഭ്യന്തര റബര്‍ വിപണിയില്‍ സജീവമായി ഇടപെടണമെന്നും തുടര്‍ച്ചയായ റബര്‍ സംഭരണം ഉറപ്പാക്കണമെന്നും റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍.
ടയര്ക്കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട റബർ ഉപയോക്താക്കളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മാസങ്ങളായി റബറിന്റെ വില അതിവേഗം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി ആവശ്യമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഉത്പാദനകാലയളവിലെ വന്‍തോതിലുള്ള ഇറക്കുമതി മൂലം റബര്‍ വില കുറയാന്‍ ഇടയായി. ആ സമയത്ത് റബര്‍കര്‍ഷകര്‍ തുടര്‍ച്ചയായ ടാപ്പിംഗില്‍നിന്ന് വിട്ടുനില്‍ക്കുകയും ഉത്പാദിപ്പിക്കുന്ന റബര്‍ പാല് ഷീറ്റാക്കി മാറ്റുന്നതിന് പകരം പാല് ആയിത്തന്നെ വിപണം നടത്തുകയും ചെയ്തു.
ഈ വര്‍ഷം ഇനിയും വിലയിടിവ് തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അതേ സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്പന്നനിര്മാതാക്കളെ ഓര്‍മിപ്പിച്ചു. ഈ സാഹചര്യത്തില്‍ വന്‍തോതിലുള്ള റബര്‍ ഇറക്കുമതിക്ക് മുതിരാതെ ആഭ്യന്തരവിപണിയില്‍ നിന്ന് പരമാവധി റബര്‍ സംഭരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
റബര്‍ പോലെയുള്ള ഒരു ദീര്ഘകാലവിളയില് പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും തുടരുന്നത് നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ആശങ്കയുണ്ടാക്കുന്നതാണെന്നും അതിനാല്‍ വിപണിയിലെ ചലനങ്ങള്‍ റബര്‍ ബോര്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുകയും ആഭ്യന്തര റബര്‍ വിപണി സുസ്ഥിരമാകാന്‍ ഉപകരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കുമെന്നും എക്സിക്യൂട്ടീവ് ഡറക്ടര്‍ പറഞ്ഞു.