സൊമാറ്റോ, സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഉയർത്തി
Friday, October 25, 2024 10:39 PM IST
മുംബൈ: രാജ്യത്തെ പ്രധാന ഓണ്‍ലൈൻ ഭക്ഷണവിതരണ സ്റ്റാർട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഓർഡറുകൾക്ക് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. ഓർഡറുകൾക്ക് മൂന്നു മുതൽ നാലു രൂപവരെയാണ് വർധിപ്പിച്ചത്. ഇതോടെ രാജ്യത്ത് ഉത്സവ സീസണിൽ ഉപഭോക്താക്കൾ അധികതുക നൽകേണ്ടിവരും.
സൊമാറ്റോ ഒരു ഓർഡറിന് ആറിൽനിന്ന് പത്തുരൂപയും സ്വിഗി ഏഴു രൂപയിൽനിന്ന് പത്തുമാക്കി. ഉത്സവകാലത്ത് അധികമായി വേണ്ടിവരുന്ന പ്രവർത്തനച്ചെലവു കണ്ടെത്താനും പ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടു പോകാനും ലക്ഷ്യമിട്ടാണിതെന്ന് സൊമാറ്റോ വ്യക്തമാക്കി.
ഫീസ് താത്കാലികമായി വർധിപ്പിച്ച കാര്യം സൊമാറ്റോ സ്ഥിരീകരിച്ചു. എന്നാൽ ഈ പുതിയ വർധനവ് താൽക്കാലികമാണോ സ്ഥിരമാണോ എന്നതിനെക്കുറിച്ച് ഇതുവരെ സ്വിഗ്ഗി വ്യക്തത നൽകിയിട്ടില്ല.