രാജ്യത്തു പ്രതിവർഷം 100 ബില്യൺ ഡോളറിന്റെ അനധികൃത വാതുവയ്പുകൾ
Sunday, October 27, 2024 10:45 PM IST
കൊച്ചി: ഓൺലൈൻ ഗെയിമിംഗ് മേഖലയുമായി ബന്ധപ്പെട്ടു രാജ്യത്ത് 100 ബില്യൺ ഡോളറിന്റെ അനധികൃത വാതുവയ്പുകൾ നടക്കുന്നെന്ന് റിപ്പോർട്ട്.
ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്ക് കള്ളപ്പണ ഇടപാടുകൾ വലിയ ഭീഷണിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ രംഗത്തെ അനധികൃത ഓപ്പറേറ്റർമാരെ തടയാനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. നിയമപരമായി പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാരുടെ വൈറ്റ്ലിസ്റ്റ് ഉണ്ടാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുകയും അന്താരാഷ്ട്ര സഹകരണങ്ങൾ കെട്ടിപ്പടുക്കുകയും വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
അനധികൃത ഓപ്പറേറ്റർമാരെ തടയാനുള്ള സംവിധാനമുണ്ടെങ്കിലും അതു കാര്യക്ഷമമല്ലെന്ന് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ സഹസ്ഥാപകനും തലവനുമായ അരവിന്ദ് ഗുപ്ത പറഞ്ഞു.
മിക്ക പ്ലാറ്റ്ഫോമുകളും നിയന്ത്രണങ്ങളെ മറികടക്കാനുള്ള കുറുക്കുവഴികൾ കണ്ടെത്തിയിട്ടുണ്ട്.ഏതാണ്ട് 400 സ്റ്റാർട്ടപ്പുകളും 100 മില്യൺ പ്രതിദിന ഓൺലൈൻ ഗെയിമർമാരും ഒരു ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന വലിയ വിപണിയാണു ഇതെന്നതിനാൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.