അന്താരാഷ്ട്ര വനിതാ സമ്മേളനവുമായി ടൂറിസം മിഷൻ സൊസൈറ്റി
Sunday, October 27, 2024 2:26 AM IST
തിരുവനന്തപുരം: ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി ആഗോള ശ്രദ്ധയിൽ എത്തിക്കുന്നതിനായി ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും.
യുഎൻ വിമനിന്റെ പങ്കാളിത്തത്തോടെയുള്ള ഗ്ലോബൽ വിമൻ കോണ്‍ഫറൻസ് ഓണ്‍ റെസ്പോണ്സിബിൾ ആൻഡ് ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നവംബർ 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ മൂന്നാറിലാണ് നടക്കുക.
കേരളത്തിൽ നടന്നുവരുന്ന സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക, മേഖലയിലുള്ള മാതൃകകൾ ആഗോളതലത്തിൽ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉൾക്കൊള്ളുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.