ദലാൽ സ്ട്രീറ്റിൽ കരടിയിറങ്ങി; അഞ്ചാം ദിനവും നഷ്ടത്തിൽ
Friday, October 25, 2024 10:39 PM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ തുടർച്ചയായ അഞ്ചാം ദിനവും വൻ തകർച്ചയിൽ. ബോംബെ സൂചിക സെൻസെക്സ് 662 പോയിന്റ് ഇടിഞ്ഞ് 79,402.29ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 218.60 പോയിന്റ് നഷ്ടത്തിൽ നിഫ്റ്റി 24,180.80ൽ ക്ലോസ് ചെയ്തു. ഓഗസ്റ്റ് പകുതിക്കുശേഷം ആദ്യമായാണ് സെൻസെക്സ് 80000നു താഴേക്കു പോകുന്നത്.
സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ ലാഭഫലങ്ങൾ പുറത്ത് വരുന്നതും വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും ഓഹരിവിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളാണ്.
രണ്ട് ബെഞ്ച്മാർക്കുകളും സെപ്റ്റംബർ 27 ലെ റിക്കാർഡ് ഉയരത്തിൽ നിന്ന് ഏകദേശം 8% കുറഞ്ഞു. കൂടാതെ 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം പ്രതിമാസ പ്രകടനത്തിന്റെ പാതയിലാണ്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും കൂടി വിപണി മൂലധനം 6.03 ലക്ഷം കോടി രൂപ കുറഞ്ഞ് 437.76 ലക്ഷം കോടി രൂപയായി.
ഇൻഡസ്ലാൻഡ് ബാങ്ക്, മഹേന്ദ്ര ആൻഡ് മഹേന്ദ്ര, റിലയൻസ് ഇൻഡ്സ്ട്രീസ്, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കന്പനി ഓഹരികളുടെ ഇടിവാണ് തിരിച്ചടിയായത്. കൂടാതെ എൻടിപിസി, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഫിനാൻസ് കന്പനികളും നഷ്ടത്തിലായി.