വാറ്റുചാരായവും നാടൻതോക്കും പിടികൂടി
1497319
Wednesday, January 22, 2025 5:41 AM IST
കോതമംഗലം: കുട്ടന്പുഴയിൽ വാറ്റുചാരായവും നാടൻതോക്കും എക്സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വർഗീസിന്റെ (45) പേരിൽ എക്സൈസ് കേസെടുത്തു. ഇയാൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടിൽനിന്നാണ് നാലുലിറ്റർ വാറ്റുചാരായവും 130 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് ലൈസൻസ് ഇല്ലാത്ത നാടൻതോക്കും കണ്ടെടുത്തു. 150 സെന്റിമീറ്റർ നീളമുള്ള തോക്ക് കിടപ്പുമുറിയിൽ സ്ലാബിലാണ് സൂക്ഷിച്ചിരുന്നത്. റെജിയുടെ പേരിൽ അബ്കാരി കേസെടുത്ത് തോക്ക് കുട്ടന്പുഴ പോലീസിന് കൈമാറി.
അനധികൃതമായി തോക്ക് കൈവശം വച്ചതിന് ആയുധ നിയമപ്രകാരം പോലീസും കേസെടുത്തു. കേസ് രേഖകളും തൊണ്ടിമുതലും കുട്ടന്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി. വാറ്റുചാരായ കേസിൽ മുന്പും റെജിയുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.