പള്ളുരുത്തിയിൽ ഗ്യാസ് സ്റ്റൗ റിപ്പയർ സ്ഥാപനത്തിൽ : സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
1497287
Wednesday, January 22, 2025 5:05 AM IST
പളളുരുത്തി: ഗ്യാസ് സ്റ്റൗ റിപ്പയർ ചെയ്യുന്ന സ്ഥാപനത്തിൽ പൊട്ടിത്തെറി. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഒരാളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഗ്യാസ് ലീക്കായാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പള്ളുരുത്തി വെളി എസ്ബിഐയ്ക്ക് എതിർവശത്തുള്ള ഗ്യാസ് സ്റ്റൗ ഏജൻസീസ് എന്ന സ്ഥാപനത്തിൽ വലിയ സിലിണ്ടറിൽ നിന്ന് ചെറിയ സിലിണ്ടറിലേക്ക് ഗ്യാസ് പകർത്തുന്നതിനിടയാണ് സംഭവം.
പള്ളുരുത്തി വി.പി. ശശി റോഡിൽ ആമിന മൻസിലിൽ ഗുലാബ്, ഇയാളുടെ ബന്ധുവും ജീവനക്കാരനുമായ സമദ് എന്നിവരെ കൂടാതെ മറ്റൊരു തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആദ്യം പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഗുലാബിന് മുപ്പതു ശതമാനം പൊള്ളലേറ്റതിനാൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഗ്യാസ് ഫില്ലിംഗ് നടത്തുന്നത് അനധികൃതമായാണോയെന്നത് സംബന്ധിച്ച് പള്ളുരുത്തി പോലീസ് പരിശോധന നടത്തുന്നുണ്ട്. അശ്രദ്ധമായി അപകട വസ്തുക്കൾ കൈകാര്യം ചെയ്തതിന് പള്ളുരുത്തി പോലീസ് കേസുമെടുത്തു. മട്ടാഞ്ചേരിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വി.വലന്റൈന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ ചോർച്ചയുള്ള മറ്റ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്തു.