നാലുവയസുകാരിയെ പീഡിപ്പിച്ച സിപിഎം അംഗത്തിനെതിരേ പോക്സോ കേസ്
1497285
Wednesday, January 22, 2025 5:05 AM IST
നെടുമ്പാശേരി : നാല് വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ ചെങ്ങമനാട് പോലീസ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെതിരേ കേസെടുത്തു. സിപിഎം തേലത്തുരുത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം ബി.കെ. സുബ്രമണ്യനെതിരേ (55)ആണ് ചെങ്ങമനാട് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും പരിഭ്രാന്തിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി വ്യക്തമായതോടെയാണു കേസെടുത്ത് ചെങ്ങമനാട് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. അതിനിടെ പ്രതിയുടെ അറസ്റ്റ് വൈകുന്നതായും, സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപിച്ച് തേലത്തുരുത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
പറവൂർ: തേലതുരുത്തിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ച പരാതിയിൽ പ്രതി ബി.കെ. സുബ്രമണ്യനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരായ സ്തീകൾ പ്രദേശത്ത് പ്രകടനം നടത്തി.
രണ്ടാഴ്ച മുമ്പ് കുട്ടിയുടെ പിതാവിന്റെ പാരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചെങ്ങമനാട് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
പേലീസ് പോക്സോ വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത അന്നു മുതൽ ഇയാൾ ഒളിവിലാണ്. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ ഇയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്.
ഈ കേസിലും നടപടിയില്ല. പ്രതിയെ സംരക്ഷിക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
സിപിഎം തേലത്തുരുത്ത് നോർത്ത് ബ്രാഞ്ചംഗമായ സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടി കർശന നിയമനടപടികൾ കൈക്കൊള്ളണമെന്നും സിപിഎം പറവൂർ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.
സിനിമാ രംഗത്ത് മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന ഇയാൾ, ആ സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമാണ്.