നവീകരിച്ച ടൗണ്‍ഹാള്‍ തുറന്നു
1497292
Wednesday, January 22, 2025 5:22 AM IST
കൊച്ചി: നവീകരിച്ച എറണാകുളം ടൗണ്‍ഹാള്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരും ചേര്‍ന്ന് തുറന്നുകൊടുത്തു. 75 ലക്ഷം മുടക്കി 22 ദിവസം മാത്രമെടുത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ടൗണ്‍ഹാളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടികള്‍ മുന്നോട്ടു നിങ്ങുന്നതിനാലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതെന്നും ഉടന്‍ തന്നെ ടെൻഡര്‍ ക്ഷണിക്കുമെന്നും മേയര്‍ പറഞ്ഞു.
ഇന്റീരിയര്‍ വര്‍ക്കുകളാണ് നവീകരണത്തിന്റെ ഭാഗമായി ചെയ്തത്. സ്റ്റേജിന്റെ പൊള്ളയായ അടിത്തട്ടില്‍ മണ്ണ് നിറച്ച് പുതിയ വുഡന്ഫ്ളോര് വിരിച്ചു. സ്റ്റേജിന് സമീപത്തെ ഗ്രീന്‍ റൂമിലെ ബാത്ത്റൂമുകള്‍ നന്നാക്കി. ഇളക്കിക്കിടന്ന സീലിംഗിലെ ഭാഗങ്ങള്‍ മാറ്റി മനോഹരമാക്കി. കൂടുതല്‍ ലൈറ്റുകളും ഫാനുകളും സ്ഥാപിച്ചു.
കസേരകളുടെ കേടുപാടുകള്‍ പരിഹരിച്ച് പുതിയ കവറിട്ടു. പൊട്ടിപ്പൊളിഞ്ഞ ടൈലുകള്‍ മാറ്റി സ്ഥാപിച്ചു. ഉപയോഗശൂന്യമായി കിടന്ന അടുക്കള നവീകരിച്ചു. പുറത്ത് ഗാര്ഡന്ലൈറ്റുകളും വാട്ടര്ഫൗണ്ടേഷനുകളും ഒരുക്കി മാനോഹരമാക്കി.
നവീകരിച്ചെങ്കിലും വാടക വര്‍ധിപ്പിച്ചിട്ടില്ല. എസി ആക്കിയ ശേഷം നിരക്കില്‍ വര്‍ധനവ് വന്നേക്കും. 1.47 കോടിയാണ് ടൗണ്‍ഹാളില്‍ എസി സ്ഥാപിക്കുന്നതിനായി ചെലവ് കണക്കാക്കുന്നത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ എസി സ്ഥാപിക്കുന്ന ജോലികള്‍ തീര്‍ക്കാനാകും.
ടൗണ്‍ഹാളിന്റെ നവീകരണത്തില്‍ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ ആരോപണത്തെ മേയര്‍ തള്ളി. ടെന്‍ഡറില്ലാതെ നടത്തിയ വര്‍ക്കില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഒരുകോടിയില്‍ താഴെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെയും ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു.
സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ വേണം ഏജന്‍സികളെ കണ്ടത്തേണ്ടതെന്ന ഗവണ്മെന്റ് ഉത്തരവ് നിലനില്‍ക്കുകയാണ് ലക്ഷങ്ങളുടെ പ്രവൃത്തി ടെന്‍ഡര്‍ ഇല്ലാതെ മേയര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കൂരിത്തറയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ നഗരസഭയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെന്‍ഡര്‍ ചെയ്യാതെ ജോലികള്‍ നല്‍കുന്നത് അഴിമതിയാണെന്നും ഇരുവരും ആരോപിച്ചു.