ചേന്ദമംഗലം കൂട്ടക്കൊല: തെളിവെടുപ്പിന് കരുതലോടെ പോലീസ്
1497290
Wednesday, January 22, 2025 5:05 AM IST
ജനരോഷം കണക്കിലെടുത്ത് സുരക്ഷ ഒരുക്കും
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊല കേസില്‍ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതി ഋതു ജയനുമായുള്ള തെളിവെടുപ്പ് പോലീസിന് തലവേദനയാകുന്നു. പേരേപ്പാടത്ത് കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യത്തിലാണ് പോലീസിന്റെ ആശയക്കുഴപ്പം. പ്രതിക്കെതിരെ വന്‍ ജനരോഷമുയര്ന്നിരിക്കുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷ ഒരുക്കി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കം.
ഇന്നലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതലേ കൊലപാതകം നടന്ന വീടിന് സമീപത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. ഇതോടെ നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ജനരോഷം കണക്കിലെടുത്ത് ഇന്നലെ തെളിവെടുപ്പ് നടപടികള്‍ ഒഴിവാക്കി.
രാത്രിയിലോ, പുലര്‍ച്ചെയോ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യമടക്കം അന്വേഷണ സംഘം ആലോചിക്കുന്നതായാണ് വിവരം. പ്രതിയെ റിമാന്‍ഡ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കൈയേറ്റശ്രമം നടന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കരുതലോടെ നീങ്ങാനുള്ള പോലീസിന്റെ ശ്രമം. 24 വരെയാണ് ഋതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കഴിഞ്ഞ 16ന് ആണ് പേരേപ്പാടത്ത് കാട്ടിപറമ്പില്‍ വേണു (65), ഭാര്യ ഉഷ (58), മകള്‍ വിനീഷ(32) എന്നിവരെ വീട്ടില്‍ക്കയറി ഋതു തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമണത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന്റെ നില ഗുരുതരമായി തുടരുകയാണ്.