കോതമംഗലം താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ഡോക്ടറില്ല
1497308
Wednesday, January 22, 2025 5:32 AM IST
കോതമംഗലം: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഡോ. ജയിംസ് എസ്. പെരേര സ്ഥലം മാറിപ്പോയിട്ട് പകരം ഡോക്ടർ ഇതു വരെ എത്തിയിട്ടില്ല. ഇതുമൂലം ചികിത്സ തേടിയെത്തുന്ന നൂറുകണക്കിനു രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തുമ്പോഴാണ് പലരും ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്.
പൂയംകുട്ടി, ഇടമലയാര്‍ വനമേഖലകളില്‍ നിന്നുള്ള ആദിവാസികൾക്കും താലൂക്കിലെ എല്ലാ ഭാഗത്തുനിന്നുമുള്ള സാധാരണക്കാർക്കും ഹൈറേഞ്ച് മേഖലയിൽ അപകടത്തിൽപ്പെടുന്നവർക്കും ഇപ്പോള്‍ ഉള്ള ഏക ആശ്രയം സ്വകാര്യ ആശുപത്രികൾ മാത്രമാണ്. സ്പെഷലിസ്റ്റ് ഡോക്ടറുടെ അഭാവ ത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളും മാറ്റേണ്ടിവന്നിരിക്കുകയാണ്. എല്ലാ ആഴ്ചകളിലും നിരവധി ശസ്ത്രക്രിയകളാണ് താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നത്. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ആദ്യമായി മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതും കോതമംഗലത്താണ്.
വാഹനാപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുന്നവരെ ഈ ആശുപത്രിയിലാണ് ആദ്യമെത്തിക്കുന്നത്. തുടർന്ന് അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കേണ്ട സ്ഥിതിയാണിപ്പോൾ.
ഡോ. ജെയിംസിന് കൺസൽട്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ ഈ തസ്തിക താലൂക്ക് ആശുപത്രിയില്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിനു സ്ഥലം മാറ്റമുണ്ടായത്. പകരം ഡോക്ടറെ നിയോഗിച്ചെങ്കിലും അദേഹം ചുമതലയേറ്റെടുക്കാന്‍ തയാറായിട്ടുമില്ല. അതേസമയം അസ്ഥിരോഗ വിഭാഗത്തില്‍ വൈകാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് സൂപ്രണ്ട് ഡോ. സാം പോള്‍ അറിയിച്ചു.