ഓൺലൈൻ മുദ്രപ്പത്ര വിതരണം: ക്യൂവിൽ നിന്ന രണ്ടുപേർ കുഴഞ്ഞു വീണു
1497291
Wednesday, January 22, 2025 5:22 AM IST
ആലുവ: മുദ്രപ്പത്രം ഓൺലൈൻ ആക്കിയതോടെ ആവശ്യക്കാർക്ക് റോഡരികിൽ മണിക്കൂറുകളുടെ കാത്തുനിൽപ്പ്. ആലുവയിൽ ഒരു വനിതയടക്കം രണ്ടുപേർ കുഴഞ്ഞു വീണു. രാവിലെ ഏഴുമുതൽ ക്യൂവിൽ നിന്ന രണ്ടുപേരാണ് ഉച്ചയോടെ കുഴഞ്ഞു വീണത്.
ആലുവ സബ് രജിസ്ട്രാർ ഓഫീസിനടുത്തുള്ള വെണ്ടർ ഓഫീസിന് മുന്നിൽ ആറുമണിക്കൂറോളം ക്യൂവിൽ നിന്നവരാണ് കനത്ത വെയിലിൽ അവശരായത്. അങ്കമാലി പുത്തൻപറമ്പിൽ സ്റ്റീഫൻ, ഒരു വനിത എന്നിവരാണ് കുഴഞ്ഞു വീണത്.
മുദ്രപ്പത്രം ഇ-സ്റ്റാമ്പിംഗ് ആക്കിയതിനാൽ നിരവധി നടപടി ക്രമങ്ങളുണ്ട്. ഇതാണ് വിതരണം വൈകിക്കുന്നത്. വാങ്ങിക്കുന്നയാളിന്റെ മാത്രമാണ് സാധാരണ മുദ്രപ്പത്രം വാങ്ങാൻ ആവശ്യമായിരുന്നത്. എന്താണ് ആവശ്യം, കരാറിൽ ഏർപ്പെടുന്ന ആളുകളുടെ വിവരങ്ങൾ എന്നിവ ഓൺലൈനായി രേഖപ്പെടുത്തണം.
വാങ്ങുന്ന ആളുടെ ഫോണിലേക്ക് ഒടിപി വന്നാൽ മാത്രമേ ഇ മുദ്രപത്രം കൈയിൽ ലഭിക്കൂ. പലരും മണിക്കൂറുകൾ ക്യൂനിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് പുതിയ രീതിയെ കുറിച്ചറിയുന്നത്. മൊബൈൽ ഫോണില്ലാതെ മുദ്രപ്പത്രം വാങ്ങാനെത്തുന്ന പ്രായമായവരടക്കം ഒടിപി പ്രശ്നത്തിൽ വലയുന്നതായാണ് പരാതി.
നെറ്റ് വർക്കിലെ പ്രശ്നങ്ങൾ കാരണം ഇ- സ്റ്റാമ്പിംഗിനായി ഒടിപി ജനറേറ്റ് ചെയ്യുന്നതിലും കാലതാമസം വരുന്നുണ്ട്. സർക്കാർ സോഫ്റ്റ് വേറിലെ ഇടക്കിടെയുള്ള അപ്ഡേറ്റുകളും വിതരണത്തെ ബാധിക്കുന്നുണ്ട്.
സോഫ്റ്റ് വേർ സംവിധാനം വന്നതോടെ 500 രൂപ മുതലുള്ള ഇ- മുദ്ര പേപ്പറുകളാണ് ലഭിക്കുന്നത്. ഒരേ വിലയുടെ മുദ്രപ്പത്രങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. ഇ- സ്റ്റാമ്പിംഗ് വന്നതോടെ രജിസ്റ്റർ ചെയ്യുന്ന സമയത്ത് രേഖപ്പെടുത്തുന്ന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.
ഇതിനിടയിൽ പഴയ മുദ്രപ്പത്രങ്ങൾ വിൽക്കാമെന്ന സർക്കാർ ഉത്തരവുണ്ട്. 2025 മാർച്ച് 31 വരെ ട്രഷറികളിലും വെണ്ടർമാരുടെ കൈയിലുമുള്ളവ വിൽക്കാമെന്നാണ് ഉത്തരവ്.