ആലുവ-പറവൂർ കവലയിൽ റോഡ് മുറിച്ചുകടക്കാന്‍ പോലീസ് സഹായിക്കണം: മനുഷ്യാവകാശ കമ്മീഷന്
1497305
Wednesday, January 22, 2025 5:32 AM IST
കൊച്ചി: ആലുവ പറവൂര്‍ കവലയിലെ സീബ്രാ ലൈനില്‍ കൂടി ജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ട്രാഫിക് പോലീസ് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്പേഴ്സന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
നടക്കാന്‍ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാരനായ ബെന്നി വിശ്വം സീബ്രാ ക്രോസിംഗില്‍ വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നതിനെതിരെ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ഉദ്യോഗസ്ഥര്‍ കുറവാണെങ്കില്‍ ഹോം ഗാര്‍ഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാല്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ആറാഴ്ചക്കുള്ളില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിക്കണം. ആലുവ പറവൂര്‍ കവലയിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസമാണെന്നും ഇത് മാറ്റി സ്ഥാപിക്കാന്‍ ദേശീയ പാതാ അഥോറിറ്റിയുടെ പാലക്കാട് യൂണിറ്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ഗതാഗത നിയമങ്ങള്‍ പരിപാലിക്കേണ്ട ചുമതല ട്രാഫിക് പോലീസിനാണെന്നും സീബ്രാ ലൈന്‍ മാറ്റി സ്ഥാപിക്കില്ലെന്നും ദേശീയപാതാ അഥോറിറ്റി കമ്മീഷനെ അറിയിച്ചു.
ട്രാഫിക് ഏജന്‍സികള്‍ക്ക് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.