തിരുമാറാടി പഞ്ചായത്തിൽ ഹരിത സമൃദ്ധി പ്രഖ്യാപനം
1497309
Wednesday, January 22, 2025 5:33 AM IST
തിരുമാറാടി: പഞ്ചായത്തിൽ ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനവും ആദ്യഘട്ട വിളവെടുപ്പും നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.
തിരുമാറാടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ ഹരിതസമൃദ്ധി വാർഡ് പദ്ധതിയിലുൾപ്പെടുത്തി തിരുമാറാടി പഞ്ചായത്തിലെ ഒന്പതാം വാർഡിനെ ഹരിത വാർഡായി തെരഞ്ഞെടുത്തിരുന്നു. സിബി വേങ്ങത്താനത്തിന്റെ കൃഷിയിടത്തിലാണ് ആദ്യഘട്ട വിളവെടുപ്പ് നടന്നത്.
പച്ചക്കറി കൃഷി വിസ്തൃതിയും ഉത്പാദനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത സമൃദ്ധി വാർഡിനു കീഴിൽ ക്ലസ്റ്റർ കമ്മിറ്റികൾ രൂപീകരിക്കുകയും തുടർന്ന് കൃഷിഭവന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ വിത്ത്, തൈകൾ, പച്ചക്കറി കൃഷിക്ക് കൂലി ചെലവ് ആനുകൂല്യം തുടങ്ങിയവ നൽകുകയും ചെയ്തിരുന്നു.
കൃഷി ഓഫീസർ ടി.കെ. ജിജി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, കൃഷി അസിസ്റ്റന്റുമാരായ റോബിൻ പൗലോസ്, സി.വി. ബിനോയ്, കാർഷിക വികസന സമിതി അംഗം വർഗീസ് മാണി, ജിമ്മി ചിറത്തലക്കൽ, ഭാമ സോമൻ എന്നിവർ പങ്കെടുത്തു.