വ്യാപാരി വ്യവസായി സമിതി ജാഥ നാളെ ജില്ലയിൽ
1497278
Wednesday, January 22, 2025 4:11 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ ജാഥയ്ക്ക് നാളെ ജില്ലയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികളെയും ചെറുകിട വ്യവസായികളെയും അനുബന്ധ തൊഴിലാളികളെയും ബാധിക്കുന്ന തരത്തിൽ വ്യാപാര മേഖലയിൽ രൂപപ്പെട്ടുവരുന്ന രൂക്ഷമായ പ്രതിസന്ധികൾക്കെതിരായാണ് പ്രക്ഷോഭം.
നോട്ട് നിരോധനവും ജിഎസ്ടിയും വിവിധ തരത്തിലുള്ള സർക്കാർ നയങ്ങളുംമൂലം ചെറുകിട വ്യാപാര മേഖല മുൻപ് ഒരുകാലത്തുമില്ലാത്ത തകർച്ചയാണ് നേരിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്താൽ പതിനായിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ് . ഇത്തരം പ്രതിസന്ധികളിൽനിന്ന് വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ലയിൽ ജാഥയ്ക്ക് ആദ്യ സ്വീകരണം നൽകും. നാലിന് പുല്ലാട്, അഞ്ചിന് പത്തനംതിട്ട എന്നിവിടങ്ങളിലും സ്വീകരണം. ആറിനു അടൂരിൽ സമാപിക്കും.
ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്, പ്രസിഡന്റ് ബിജു വർക്കി, പി.കെ. ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം മാക്കാർ, ഗീവർഗീസ് പാപ്പി , റെജീന സലീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.