പന്പ ബസുകൾ തിരികെയെത്തി; ഷെഡ്യൂളുകൾ പുനരാരംഭിക്കണമെന്ന്
1497258
Wednesday, January 22, 2025 3:55 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് പന്പ സ്പെഷൽ സർവീസുകൾക്കായി നൽകിയ ബസുകൾ കെഎസ്ആർടിസി അതത് ഡിപ്പോകൾക്ക് തിരികെ നൽകി. രണ്ടുമാസമായി ദീർഘദൂര, ചെയിൻ സർവീസുകളടക്കം വെട്ടിക്കുറച്ചാണ് പല ഡിപ്പോകളും പന്പ സർവീസിനു ബസുകൾ നൽകിയിരുന്നത്. റാന്നിയിൽ ഫാസ്റ്റ് പാസഞ്ചർ പന്പയിലേക്കു മാറ്റിയതോടെ മുണ്ടക്കയം - തിരുവനന്തപുരം റൂട്ടിൽ ഓർഡിനറി ബസ് വരെ അയയ്ക്കേണ്ടിവന്നു.
ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ റൂട്ടുകൾ സമാനമായ രീതിയിൽ ഓർഡിനറി സർവീസുകൾ അയച്ച് മറ്റു ഡിപ്പോകളും താത്കാലിക പരിഹാരം കണ്ടിരുന്നു. ഇതോടെ ചെയിൻ സർവീസുകൾ മുടങ്ങേണ്ട സാഹചര്യമുണ്ടായി. ബസുകൾ തിരികെ വന്നതോടെ ഗ്രാമീണ മേഖലയിലേക്ക് അടക്കം നിർത്തിവച്ചിട്ടുള്ള ഷെഡ്യൂളുകൾ പുനരാരംഭിക്കണമെന്നാവശ്യം ശക്തമാണ്.
ജില്ലാതലത്തിൽ കെഎസ്ആർടിസിയെ ഉൾപ്പെടെ പങ്കെടുപ്പിച്ചു പൊതുജനങ്ങളിൽനിന്നടക്കം സ്വീകരിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ട റൂട്ടുകളിൽപോലും സർവീസുകൾ തുടങ്ങാൻ അധികൃതർ തയാറായിട്ടില്ല. കോവിഡ് കാലത്ത് അടക്കം മുടങ്ങിപ്പോയ ഷെഡ്യൂളുകളും പുനരാരംഭിക്കാനുണ്ട്.
പത്തനംതിട്ടയിൽനിന്ന് ചെങ്ങന്നൂർ ചെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ശബരിമല തീർഥാടനകാലത്ത് കെഎസ്ആർടിസി ഏറ്റവുമധികം ലാഭമുണ്ടാക്കുന്നത് ചെങ്ങന്നൂർ സർവീസുകളിൽനിന്നാണ്.
എന്നാൽ തീർഥാടനകാലം കഴിയുന്നതോടെ പത്തനംതിട്ടയിൽനിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് ലഭിക്കാത്ത സാഹചര്യമാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നാരംഭിച്ച് പത്തനംതിട്ടയിലേക്ക് ചെയിൻ സർവീസ് വർഷങ്ങളോളം ലാഭകരമായി ഓടിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിതന്നെ ഇപ്പോൾ അത് ഉപേക്ഷിച്ച മട്ടാണ്. ട്രെയിൻ യാത്രക്കാർക്ക് ഏറ്റവുമധികം പ്രയോജനം ചെയ്തിരുന്ന ഷെഡ്യൂളുകളാണ് വേണ്ടെന്നുവച്ചിരിക്കുന്നത്.
മുണ്ടക്കയം ചെയിൻ സർവീസുകളും പരിഷ്കരിച്ചതിനു പിന്നാലെ ബസുകൾ കുറഞ്ഞു. ആങ്ങമൂഴി ചെയിൻ സർവീസും മുടക്കിയിട്ടിരിക്കുകയാണ്. പത്തനംതിട്ട, തിരുവല്ല ഡിപ്പോകളിൽനിന്നുള്ള പല ഗ്രാമീണ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. അടൂരിലും പത്തനംതിട്ടയിലും ദീർഘദൂര സർവീസുകൾ ചിലത് ഓടുന്നില്ല. മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് രാവിലെ പത്തനംതിട്ടയിലേക്ക് ഓടിക്കൊണ്ടിരുന്ന ഓർഡിനറി സർവീസും നിർത്തിവച്ചിരിക്കുകയാണ്.
പന്പ ഡിപ്പോയ്ക്ക് 33.62 കോടിയുടെ വരുമാനം
കെഎസ്ആർടിസി മണ്ഡല, മകരവിളക്കുകാലത്ത് നടത്തിയ സ്പെഷൽ സർവീസുളിലൂടെ പന്പ ഡിപ്പോയ്ക്ക് ലഭിച്ചത് 33.62 കോടി രൂപ. പന്പ - നിലയ്ക്കൽ ചെയിൻ സർവീസ്, പന്പ ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര ബസുകൾ എന്നിവയിലെ വരുമാനം മാത്രമാണിത്.
പന്പ - നിലയ്ക്കൽ റൂട്ടിൽ 1,43,668 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്. 35000 ദീർഘദൂര സർവീസുകളും രണ്ടുമാസത്തിനിടെ നടത്തി. 58.78 ലക്ഷം തീർഥാടകർ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തെന്നാണ് കണക്ക്.
പന്പയിൽനിന്ന് ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ, തെങ്കാശി, ഗുരുവായൂർ റൂട്ടുകളിലാണ് കൂടുതൽ സർവീസുകൾ നടത്തിയത്.