ആറന്മുളയിൽ ഉത്സവക്കൊടിയേറി
1497046
Tuesday, January 21, 2025 5:34 AM IST
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
തിരുവിതാംകൂര്‍ രാജപ്രതിനിധി അവിട്ടം തിരുനാള്‍ ആദിത്യവര്‍മ ക്ഷേത്രോപദേശക ഭാരവാഹികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് സംഗീതസദസും കൊടിയേറ്റ് സദ്യയും നടന്നു. ആറന്മുള ജനമൈത്രി പോലീസിന്റെ വഴിപാടായി രാത്രി ഭക്തിഗാനമേളയും നടന്നു. 29 ന് ആറോട്ടോടുകൂടി ഉത്സവം സമാപിക്കും. രാവിലെ 11ന് കൊടിയിറക്കും തുടര്‍ന്ന് ആറാട്ടുസദ്യയും നടക്കും.
ആറന്മുള ഉത്സവത്തിനെത്തുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. പാർഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടും ഉത്സവത്തിനും എത്തുന്നവര്‍ക്കും മറ്റും അപകടം ഉണ്ടായാല്‍ ഇദംപ്രഥമായാണ് ആറന്മുള ക്ഷേത്രോപദേശക സമിതി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. ഭക്തിഗാനമേള ഒഴികെയുള്ള കലാപരിപാടികൾ ക്ഷേത്ര മതിലകത്തിനു പുറത്താണ് ഇക്കൊല്ലം മുതല്‍ നടത്തുന്നത്.