തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധന
1497051
Tuesday, January 21, 2025 5:34 AM IST
ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനകാലം വിവാദങ്ങളില്ലാതെ പൂർത്തിയാക്കാനായതിന്റെ ആശ്വാസത്തിലാണ് ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും. 60 ദിവസങ്ങൾ നീണ്ടുനിന്ന തീർഥാടനകാലത്ത് 53 ലക്ഷത്തോളം തീർഥാടകരാണ് മല ചവിട്ടിയത്. മുൻവർഷത്തെ അപേക്ഷിച്ച് പത്തുലക്ഷത്തിലധികം പേർ കൂടുതലായെത്തി.
പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനം ഉണ്ടായതായും പ്രസിഡന്റ് പറഞ്ഞു.
തീർഥാടനത്തിന്റെ പ്രധാന ദിവസങ്ങളിലെല്ലാം മന്ത്രി വി.എൻ. വാസവൻ ശബരിമലയിലെത്തി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍, അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച ഇടപെടലുകൾ ഉണ്ടായെന്നും പ്രസിഡന്റ് പറഞ്ഞു.
നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം ഭക്തര്‍ക്ക് ഭക്ഷണം നല്കി. തീര്‍ഥാടനകാലം ആരംഭത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ കൃത്യമായി ഒരുക്കിയത് തീര്‍ഥാടനകാലം മനോഹരമാക്കി.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു.
പതിനെട്ടാംപടി കയറ്റവും വേഗത്തിൽ
പോലിസിന്റെ കൃത്യവും ശാസ്ത്രീയമായുമുള്ള ഇടപെടലിലൂടെ ഭക്തജനത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പോലിസുകാരുടെ പ്രവര്‍ത്തനസമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്ഥാടകരെവരെ കയറ്റിവിടാനായി. മുന്‍പ് 70 പേരെയാണ് കയറ്റിവിട്ടിരുന്നത്. ഇത് തിരക്ക് വർധിപ്പിക്കാൻ കാരണമായി.
സോപാനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പോലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി.
പരിചയ സന്പന്നരായ ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർ പദവിയിൽ നിയമിച്ചതും എഡിജിപി എസ്. ശ്രീജിത്തിന്റെ ഏകോപനവും ക്രമീകരണങ്ങൾ കുറ്റമറ്റതാക്കി. നിലയ്ക്കലിലെ പാർക്കിംഗ് ക്രമീകരണങ്ങളിലും പോലീസിനു പരാതികൾ ഒഴിവാക്കാനായി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ നടത്തിയ ഇടപെടലുകൾ പുറത്തുള്ള മേഖലകളിലെ സുരക്ഷയ്ക്കും സഹായകരമായി.
ജില്ലാ ഭരണകൂടത്തിനും നേട്ടം
തീർഥാടനകാല ക്രമീകരങ്ങളുടെ മുന്നൊരുക്കം മുതൽ സമയബന്ധിതവും കൃത്യവുമായ ഇടപെടലുകൾ ജില്ലാ ഭരണകൂടവും നടത്തി. കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ വിളിച്ചുകൂട്ടി ഉദ്യോഗസ്ഥരുടെ ഏകോപനം ഉറപ്പാക്കി.
യാത്ര, ഭക്ഷണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ആവശ്യമായ മുന്നൊരുക്കങ്ങൾ നേരത്തെതന്നെ ഉറപ്പാക്കാനായത് നേട്ടമായി. മുൻകൊല്ലങ്ങളിലുണ്ടായ പ്രശ്നങ്ങൾ മനസിലാക്കിയാണ് ഇടപെടലുകളുണ്ടായത്. ശ്രദ്ധ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ജില്ലാ കളക്ടർ തന്നെ നേരിട്ടെത്തി ഇടപെടലുകൾ നടത്തി. സമയോചിതമായ ഇടപെടലുകൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകരമായി. സുരക്ഷിതവും ന്യായവിലയ്ക്കുള്ളതുമായ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാനും പരിശോധനകൾ കർശനമാക്കാനും കഴിഞ്ഞു.