കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല ; പോക്സോ കേസുകൾ കൂടുന്നു
1497060
Tuesday, January 21, 2025 5:44 AM IST
പത്തനംതിട്ട: പോക്സോ കേസുകളുടെ വർധനയിൽ ആശങ്ക. 188 പോക്സോ കേസുകളാണ് 2024ൽ ജില്ലയിൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേസുകളും അവയുമായി ബന്ധപ്പെട്ട കുറ്റാരോപിതരുടെ എണ്ണത്തിലും വൻ വർധനയാണ്. പത്തനംതിട്ടയിലെ പതിനെട്ടുകാരിയെ തുടർച്ചയായ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസുകളുടെ എണ്ണവും ഇതിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണവുമാണ് കേസുകളുടെ വർധനയ്ക്കു പ്രധാന കാരണമായത്.
2023ൽ 177, 2022 ൽ 190, 2021 ൽ 134, 2020 ൽ 106 എന്നിങ്ങനെയാണ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.
പതിനെട്ടു വയസിൽ താഴെ പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്പോഴും ജില്ലയിൽ കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ ആശാവഹമല്ലെന്ന ആക്ഷേപവുമുണ്ട്. കുട്ടികളുമായി ദൈനംദിന ഇടപെടലുകൾ നടത്തുന്ന സ്കൂൾതലത്തിൽ കൗൺസലിംഗിനടക്കം ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ ഇടപെടലുകളില്ല.
തുടക്കത്തിലെ കൗൺസലിംഗ് ഇല്ലാതായതോടെ പീഡനങ്ങൾക്കും ലഹരിക്കും അടിമപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടി. അറുപതിലധികം ആളുകൾ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്ന പെൺകുട്ടിക്ക് പതിമൂന്നാം വയസു മുതൽ ദുരനുഭവങ്ങളുണ്ടായെന്നാണ് വെളിപ്പെടുത്തൽ.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ നിർജീവം
സ്കൂൾ കുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് തെറ്റുകൾക്ക് തടയിടാനായി പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ല. വാർഡ് അടിസ്ഥാനത്തിൽവരെ കമ്മിറ്റി രൂപീകരിക്കണമെന്ന് പല പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും അറിയുകപോലുമില്ല.
സ്കൂളിനു മുന്നിൽ സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും പെൺകുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നവരും തമ്പടിക്കുന്നത് നിരീക്ഷിക്കേണ്ട ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾക്കാണ്. കുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകണം. ഇതിനായി പ്രത്യേക ഫണ്ടും നീക്കിവയ്ക്കണം. എന്നാൽ, ഈ ഫണ്ട് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായി മാത്രം വിനിയോഗിക്കുകയാണ് .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കോ- ചെയർമാനുമായ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നത്. കുട്ടികളുടെ അവകാശം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.
സിഡബ്ല്യുസി ഇടപെടൽ
തെറ്റുകളിലേക്ക് കടക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ ഇവരിൽനിന്നു വിവരങ്ങൾ തേടി സംരക്ഷിക്കേണ്ടത് ജില്ലാതലത്തിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ജുഡീഷൽ അധികാരത്തോടെയുള്ള കമ്മിറ്റിയിൽ ഏറെയും അഭിഭാഷകരും പൊതുപ്രവർത്തകരുമാണ്. ശക്തമായ ഇടപെടൽ നടത്താനുള്ള സംവിധാനം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുണ്ട്.
ലഹരിയുടെ അമിത ഉപയോഗമാണ് കുട്ടികളെ തെറ്റുകളിലേക്ക് തള്ളിവിടുന്നതെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ പരിസരങ്ങളിൽ ലഹരിലഭ്യത തടയാനുള്ള സംവിധാനങ്ങൾ ഇപ്പോഴുമില്ല. കഴിഞ്ഞയിടെ നടന്ന ഒരു പഠനത്തിൽ ജില്ലയിലെ ഒട്ടനവധി സ്കൂൾ പരിസരങ്ങൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടാണ് ലഭിച്ചത്. പോലീസ്, എക്സൈസ് സംവിധാനങ്ങളെ ഏകോപിപ്പിച്ച് ലഹരിലഭ്യത കുറയ്ക്കാനുള്ള ചുമതല കുട്ടികളുമായി ബന്ധപ്പെട്ട സമിതികൾക്കുണ്ടെങ്കിലും ചെയ്യുന്നില്ല. സ്കൂൾ പരിസരങ്ങളിലെ ലഹരിവ്യാപനം സംബന്ധിച്ച പരാതികളിൽപ്പോലും നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്.
രണ്ടു പോക്സോ കേസുകളിൽ പ്രതികൾക്ക് ശിക്ഷ
പത്തനംതിട്ട: തിരുവല്ല, കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ടു പോക്സോ കേസുകളിൽ രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 10 വർഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചു. കീഴ്വായ്പൂര് പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്. സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി.
തിരുവല്ല കേസിൽ തിരുവല്ല കുറ്റൂർ താഴെ പള്ളേത്ത് വർഗീസ് (64), കീഴ്വായ്പൂര് കേസിൽ ആനിക്കാട് വായ്പൂര് വടശേരിൽ വി.പി. പ്രശാന്ത് (സോളമൻ, 38) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
തന്റെ ഓട്ടോയിൽ സ്കൂളിലേക്കും തിരികെയും പെൺകുട്ടിയെ കൊണ്ടുപോയിരുന്ന വർഗീസ്, ഓട്ടോയിൽവച്ചും ഇയാളുടെ വീട്ടിൽവച്ചും ലൈംഗികാതിക്രമം കാട്ടി എന്നതായിരുന്നു കേസ്. തിരുവല്ല എസ്ഐ ആയിരുന്ന അനീഷ് ഏബ്രഹാമാണ് കേസ് അന്വേഷിച്ചത്.
മാനഹാനിയുണ്ടാക്കിയതിനു മൂന്നു വർഷവും 25,000 രൂപയും ഭീഷണിപ്പെടുത്തിയതിനു രണ്ടു വർഷവും പോക്സോ വകുപ്പുകൾ പ്രകാരം അഞ്ചു വർഷവും 25,000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസത്തെ കഠിനതടവുകൂടി പ്രതി അനുഭവിക്കണം. കീഴ്വായ്പൂരിലെ കേസിൽ തട്ടിക്കൊണ്ടുപോകലിന് മൂന്നു വർഷവും 25,000 രൂപയും പോക്സോ നിയമപ്രകാരം മൂന്നുവർഷവും അരലക്ഷം രൂപയും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസത്തെ കഠിനതടവുകൂടി പ്രതി അനുഭവിക്കണം. ആറ്റുതീരത്തുനിന്നും കൂൺ പറിക്കാനാണെന്ന വ്യാജേന പ്രശാന്ത് കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ എസ്ഐ ബി.എസ്. ആദർശാണ് കേസ് അന്വേഷിച്ചത്. രണ്ടു കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.
പതിനാറുകാരിയെ പീഡിപ്പിച്ച അഭിഭാഷകൻ കാണാമറയത്ത്
പത്തനംതിട്ട: പതിനാറുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റാരോപിതനായ അഭിഭാഷകനെ ഒരു മാസത്തിലേറെയായിട്ടും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്.
കഴിഞ്ഞ ഡിസംബർ 20ന് ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഭിഭാഷകനെ പ്രധാന പ്രതിയായി ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ച് മദ്യം നൽകി മയക്കി ക്രൂരമായ പീഡനത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വിധേയമാക്കിയെന്നാണ് കേസ്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന കണ്ടെത്തലിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയെ കോഴഞ്ചേരി, കുന്പഴ, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്ജിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. അഭിഭാഷകനെതിരേ പോക്സോ കേസ് അടക്കം നിലവിലുണ്ട്. രണ്ടാം പ്രതിയായ ബന്ധുവിന് പീഡനത്തിന് സഹായം ചെയ്തു നൽകിയെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
അഭിഭാഷകന് പോലീസിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്നു പറയുന്നു. പത്തനംതിട്ടയിൽ പതിനെട്ടുകാരിയെ തുടർച്ചയായ പീഡനത്തിന് ഇരയാക്കിയ കേസിൽ കുറ്റാരോപിതരായ 59 പേരിൽ 57 പേരെയും കുറഞ്ഞദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു നേട്ടമുണ്ടാക്കിയ പോലീസാണ് അഭിഭാഷകനെ കണ്ടെത്താനാകാതെ വലയുന്നതെന്നതും ശ്രദ്ധേയമാണ്.