അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
1497049
Tuesday, January 21, 2025 5:34 AM IST
അടൂർ: കൊല്ലത്തുനിന്ന് ബിഎഡ് കോളജ് വിദ്യാർഥികളുമായി വാഗമണ്ണിനു വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് മറിഞ്ഞ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് പത്തനംതിട്ട ആർടിഒ സസ്പെൻഡ് ചെയ്തു.
ആനയടി നടുവിലേമുറി കണിയാന്റയ്യത്ത് അരുൺ സജിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ.
അമിതവേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചെന്നുള്ള മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലിലാണ് നടപടി. കൂടാതെ ബസിന്റെ ഫിറ്റ്നസും റദ്ദാക്കി. ബസിന്റെ സ്പീഡ് ഗവർണറിൽ വേഗം 95 കിലോമീറ്റർ എന്നാണ് ക്രമപ്പെടുത്തിയിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അടൂർ - ഭരണിക്കാവ് ദേശീയ പാതയിൽ കടന്പനാട് കല്ലുകുഴിയിലാണ് ബസ് മറിഞ്ഞത്.