തീര്‍ഥാടനകാലത്തിനു പരിസമാപ്തി; ശബരിമല നട അടച്ചു
1497050
Tuesday, January 21, 2025 5:34 AM IST
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ ഇന്നലെ രാവിലെ 6.30 നാണ് നട അടച്ചത്.
പുലര്‍ച്ചെ അഞ്ചിനു നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണസംഘം തിരുവാഭരണ പേടകങ്ങളുമായി ശ്രീകോവിലിനു മുന്നിലെത്തി വണങ്ങിയശേഷം പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും നല്കി. തുടര്‍ന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്രതിരിച്ചു.
23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും. മടക്കയാത്രയില്‍ ഇന്നു വൈകുന്നേരം പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തും. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിനാണ് 2024-25 തീര്‍ഥാടനകാലം സാക്ഷ്യംവഹിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങള്‍ മണ്ഡല, മകരവിളക്കു തീര്‍ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയത്.
മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്. 18 വരെ 52 ലക്ഷം ഭക്തര്‍ എത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ടായി.