ബ്ലഡ് സ്റ്റെം സെൽ ദാതാക്കളുടെ സഹായംതേടി മൂന്ന് കുരുന്നുകൾ
1497055
Tuesday, January 21, 2025 5:44 AM IST
തിരുവല്ല: കോട്ടയത്തുനിന്നുള്ള മൂന്ന് സഹോദരങ്ങളായ ഫൈസി (11), ഫൈഹ (10), ഫൈസ് (4.5) എന്നിവർ അതിജീവനത്തിനായുള്ള ദുഷ്കരമായ പോരാട്ടത്തിൽ. ബ്ലഡ് സ്റ്റെം സെൽ (രക്ത മൂലകോശം) ദാതാക്കളെ കണ്ടെത്തിയെങ്കിലേ ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരവ് സാധ്യമാകുകയൂള്ളൂവെന്ന് ഡോക്ടർമാർ.
ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ മേജർ രോഗം കണ്ടെത്തിയ ഈ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യകരമായ ഒരു ഭാവിയിലേക്കുള്ള അവസരം നൽകുന്നതിനായി കുടുംബം പോരാടുകയാണ്. പതിവായി രക്തം സ്വീകരിക്കേണ്ട സാഹചര്യത്തിൽ ഭാവിയെ നോക്കി തളർന്നിരിക്കുകയാണ് കുഞ്ഞുങ്ങൾ.
തലസീമിയ രോഗികളുടെ ചികിത്സയിൽ ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനു നിർണായക സ്വാധീനമുണ്ടെന്ന് ഓങ്കോളജി ആൻഡ് മാരോ ഡിസീസിലെ പ്രഫസറും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ചെപ്സി സി. ഫിലിപ്പ് പറഞ്ഞു.
ഇന്ത്യയിൽ തലസീമിയ ബാധിച്ചവരുടെ എണ്ണം കൂടിവരികയാണ്. പ്രതിവർഷം 10,000 ലധികം കുട്ടികൾക്ക് ഈ അവസ്ഥ കണ്ടെത്തുന്നു. തലസീമിയ ഒരു ജനിതക രക്തവൈകല്യമാണ്. ഇത് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ദുർബലപ്പെടുത്തുന്നു. രോഗത്തിന്റെ ഗുരുതര ആവിർഭാവമായ ബീറ്റാ-തലസീമിയ മേജറിന് പതിവായി രക്തപ്പകർച്ച ആവശ്യമാണ്. ആത്യന്തികമായി ഒരു നിശ്ചിതമായ രോഗശമനത്തിന് ഒരു സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ആവശ്യമായി വന്നേക്കാം. തത്ഫലമായി, കുട്ടികൾക്കിടയിൽ ട്രാൻസ്പ്ലാന്റുകൾക്കുള്ള ആവശ്യം അസാധാരണമാംവിധം ഉയരുകയാണെന്ന് ഡോ. ചെപ്സി ചൂണ്ടിക്കാട്ടി.
രക്താർബുദത്തിനും രക്തവൈകല്യങ്ങൾക്കുമെതിരായ പോരാട്ടത്തിൽ സമർപ്പിതരായ ലാഭേച്ഛയില്ലാത്ത സംഘടനയായ ഡികെഎംഎസ് ബിഎംഎസ് ടി ഫൗണ്ടേഷൻ ഇന്ത്യ, യുവരോഗികൾക്ക് അനുയോജ്യമായ ഒരു ദാതാവിനെ തെരയുന്ന പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലുടനീളമുള്ള ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി, ഡികെഎംഎസ് ബിഎംഎസ് ടി രാജ്യവ്യാപകമായി ഒരു വെർച്വൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ദാതാക്കൾക്ക്
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://www.dkms-bmst.org/get-involved/virtual-drives/kerala-siblings.