ശബരിമലയിൽ പക്ഷാഘാതം ബാധിച്ച രണ്ടു പേർക്ക് ജനറൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സ
1497047
Tuesday, January 21, 2025 5:34 AM IST
പത്തനംതിട്ട: ഗുരുതരമായ പക്ഷാഘാതം ബാധിച്ച രണ്ടുപേര്‍ക്ക് വിദഗ്ധ ചികിത്സ നല്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല തീർഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിക്കും (68), ശബരിമലയില്‍ കരാർ ജോലിക്കാരനായ എരുമേലി സ്വദേശിക്കുമാണ് (58) പക്ഷാഘാതമുണ്ടായത്.
ഒരു വശം തളര്‍ന്ന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്കി. കുമ്പളങ്ങി സ്വദേശിനിയെ നവംബര്‍ മാസത്തിലാണ് ചികിത്സ നല്കി ഭേദമാക്കിയത്.
മകരവിളക്കിനോടനുബന്ധിച്ച് കഴിഞ്ഞ 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീം അംഗങ്ങളെയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായതുകൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേര്‍ക്കാണ് ഇതുവരെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്.
സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്കിയെങ്കില് മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ശരീരം തളരുകയോ മരണംവരെ സംഭവിക്കുകയോ ചെയ്യാം. മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ എല്ലാ ജില്ലകളിലെയും ഒരു പ്രധാന ആശുപത്രിയില്‍ സ്ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.