മലയോര ജനതയെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയം: എം.എം. ഹസൻ
1497056
Tuesday, January 21, 2025 5:44 AM IST
പത്തനംതിട്ട: വന്യമൃഗ ആക്രമണങ്ങളില്‍നിന്നും മലയോര ജനതയെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്.
25 മുതല്‍ ഫെബ്രുവരി അഞ്ചുവരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന മലയോര സമരയാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി പത്തനംതിട്ട രാജീവ്ഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി, കിടങ്ങ് നിർമാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടമാക്കിയ സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെ വേദന കാണാതെയും കൃഷിനാശം മൂലം ദുരിതത്തിലാകുന്ന കര്‍ഷകരുടെ രോദനം മനസിലാക്കാതെയും സാഡിസ്റ്റ് മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് ഹസൻ കുറ്റപ്പെടുത്തി.
ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോന്നി നിയോജകമണ്ഡലത്തിലെ ചിറ്റാറിലാണ് പത്തനംതിട്ടയിൽ ജാഥ എത്തുന്നത്.യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രഫ. പി.ജെ. കുര്യന്, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ, നേതാക്കളായ ടി.എം. ഹമീദ്, സമദ് മേപ്രത്ത്, സനോജ് മേമന, ജോണ്‍ കെ. മാത്യൂസ്, തോമസ് ജോസഫ്, ജോര്‍ജ് വര്‍ഗീസ്, തങ്കമ്മ രാജന്, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, കുഞ്ഞുകോശി പോള്‍, എ. സുരേഷ് കുമാര്‍, ജോണ്സണ് വിളവിനാല്‍, സാമുവല്‍ കിഴക്കുപുറം, കെ. ജയവര്‍മ തുടങ്ങിയവർ പ്രസംഗിച്ചു.
മലയോര സമരജാഥയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനും വര്‍ഗീസ് മാമ്മന്‍, എ. ഷംസുദീന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. സമരജാഥയുടെ ജില്ലയിലെ സ്വീകരണ സ്ഥലമായ ചിറ്റാറില്‍ ഉള്‍പ്പെടെ അഞ്ച് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ സ്വാഗതസംഘങ്ങള്‍ രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.